കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ഗുഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യഹർജി പരിഗണിക്കുമ്പോഴാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.
സീനിയർ അഭിഭാഷകന് കൊവിഡ് ആയതിനാൽ ഹർജി തിങ്കളാഴ്ച കേൾക്കണം എന്ന് ദിലീപ് ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാനിരിക്കെയാണ് ഇത്തരമൊരു കേസ്. അന്വേഷണ ഉദ്യോഗസ്ഥൻ മെനഞ്ഞെടുത്ത കഥ ആണ് പുതിയ ആരോപണങ്ങൾ എന്നും ദിലീപ് കോടതിയിൽ വാദിച്ചു.
അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ താൻ പരാതി നൽകിയതിന്റെ പ്രതികാര നടപടിയായാണ് കേസിന് പിന്നിലെന്നും ഹർജിയിൽ ദിലീപ് പറയുന്നു. ദിലീപിനെ കൂടാതെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ് എന്നിവരും മുൻകൂർ ജാമ്യം തേടിയിട്ടുണ്ട്. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെയും ശബ്ദരേഖയുടെയും അടിസ്ഥാനത്തിലാണ് ദിലീപടക്കം ആറ് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് ക്രൈം ബ്രാഞ്ച് കേസ് എടുത്തത്.
കൂടുതൽ ഡിജിറ്റൽ തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറിയതായി സംവിധായകൻ പ്രതികരിച്ചു. സാക്ഷികളെ ദിലീപ് സ്വാധീനിച്ചതിന് തെളിവുണ്ടെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കി. ദിലീപ് സാക്ഷികളെ എങ്ങനെയാണ് സ്വാധീനിച്ചതെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ഉള്ളതെന്ന് ബാലചന്ദ്രകുമാർ പറയുന്നു. ദിലീപിന്റെ അനിയൻ അനൂപും സഹോദരീ ഭർത്താവ് സുരാജും വിശദമാക്കുന്നതിവന്റെ തെളിവാണ് ഉള്ളത്. എത്ര രൂപ കൊടുത്തു, എങ്ങനെയായിരുന്നു ഇടപാടുകൾ എന്നിവ വ്യക്തമാക്കുന്നതാണ് തെളിവുകളെന്നും ബാലചന്ദ്രകുമാർ പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ദിലീപിനെതിരേ പോലീസ് പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. നടിയെ ആക്രമിച്ച സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ദിലീപ് വീട്ടിലിരുന്ന് കണ്ടുവെന്നും കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെയും പൾസർ സുനി അടക്കമുള്ള പ്രതികളെയും സാക്ഷികളെയും വധിക്കാൻ പദ്ധതിയിട്ടെന്നുമുള്ള വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു കേസ്. പിന്നാലെ മുൻകൂർ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയിൽ എത്തുകയായിരുന്നു.