തിരുവനന്തപുരം; മാര്‍ച്ച് മാസത്തോടെ സംസ്ഥാനത്ത് സപ്ലൈകോയുടെ എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴിയും ഓണ്‍ലൈന്‍ വില്‍പ്പന തുടങ്ങുമെന്ന് ഭക്ഷ്യപൊതു വിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍. സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴി ആരംഭിക്കുന്ന ഓണ്‍ലൈന്‍ വില്‍പ്പനയുടെ ജില്ലാതല ഉദ്ഘാടനം ഫോര്‍ട്ട് പീപ്പിള്‍സ് ബസാറില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
പൊതുമാര്‍ക്കറ്റുകളേക്കാള്‍ വലിയ വില വ്യത്യാസത്തിലാണ് സപ്ലൈകോ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നത്. 15 ഉല്‍പ്പന്നങ്ങള്‍ 2016 ലെ വിലയ്ക്കാണ് ഇപ്പോഴും നല്‍കി വരുന്നത്. സ്വകാര്യ മേഖലയോട് മത്സരിച്ച് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മുന്നോട്ടു പോകണമെങ്കില്‍ പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കേണ്ടത് ആവശ്യമാണെന്നും അതിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് കടന്നിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും സപ്ലൈകോ ഔട്ട്ലറ്റിലൂടെ അവ വിതരണം ചെയ്യാനുമുള്ള പദ്ധതി അടിയന്തരമായി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ഓണക്കാലത്ത് ഏലം കര്‍ഷകരില്‍ നിന്ന് ഏലയ്ക്ക സംഭരിച്ചതിലൂടെ കിലോയ്ക്ക് 200 മുതല്‍ 300 രൂപയുടെ വരെ വിലവര്‍ധന നേടാനായി. കര്‍ഷകരില്‍ നിന്ന് നേരിട്ട് ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുന്നതില്‍ തടസമുള്ളതിനാല്‍ ഇ-ടെന്‍ഡര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മാറ്റം വരുത്തി വരികയാണെന്നും മന്ത്രി പറഞ്ഞു.
ചുരുങ്ങിയ കാലത്തിനുള്ളില്‍ വലിയ ചുവടുവയ്പ്പുകളുമായാണ് ഭക്ഷ്യസിവല്‍ സപ്ലൈസ് വകുപ്പ് മുന്നോട്ടു പോകുന്നതെന്നും കാലത്തിനനുസരിച്ച് നൂതന സംവിധാനങ്ങള്‍ നടപ്പാക്കാന്‍ വകുപ്പ് നടത്തുന്ന ശ്രമമാണ് സപ്ലൈകോ ആപ് വഴി അവശ്യസാധനങ്ങള്‍ വീട്ടുപടിക്കലെത്തിക്കുന്ന പുതിയ സംവിധാനമെന്നും ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു.
കെ.എസ്.ആര്‍.ടി.സിയുടെ എല്ലാ ഡിപ്പോകളിലും സപ്ലൈകോയുടെ മിനി ഔട്ട്ലറ്റുകള്‍ തുടങ്ങാനുള്ള പദ്ധതി തയ്യാറാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു. തമ്പാനൂര്‍ ബസ് സ്റ്റാന്റില്‍ പണി പുരോഗമിക്കുന്ന സിവില്‍ സപ്ലൈസ് സൂപ്പര്‍മാര്‍ക്കറ്റ് ഈ മാസം തന്നെ തുറന്ന് പ്രവര്‍ത്തനമാരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പൊതു വിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ സപ്ലൈകോയും മാവേലി സ്റ്റോറുകളും വലിയ പങ്കു വഹിക്കുന്നുവെന്നും വിലക്കയറ്റമൊഴിവാക്കാന്‍ കാര്യക്ഷമമായ ഇടപെടലുകളാണ് പൊതുവിതരണ വകുപ്പ് നടത്തുന്നതെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. 2021 നവംബര്‍ 30 മുതല്‍ ഡിസംബര്‍ ഒമ്പത് വരെ സംസ്ഥാനത്ത് താലൂക്ക് അടിസ്ഥാനത്തില്‍ മൊബൈല്‍ വില്‍പ്പനശാലകള്‍ വഴി 13 സബ്‌സിഡി ഉല്‍പ്പന്നങ്ങളും ശബരി ഉല്‍പ്പന്നങ്ങളും വിതരണം ചെയ്തിരുന്നു. ഇതുവഴി 45 കോടി രൂപയുടെ വിറ്റു വരവ് നേടിയെന്നത് എടുത്തു പറയേണ്ടതാണെന്നും മന്ത്രി പറഞ്ഞു.