തിരുവനന്തപുരം; സ്വാതന്ത്ര്യലബ്ധിക്ക്‌ശേഷം 75 വർഷം പിന്നിടുമ്പോഴും രാഷ്ട്രീയ സമത്വത്തിന് അപ്പുറം സാമൂഹികവും സാമ്പത്തികവുമായ സമത്വം കൈവരിക്കാനായിട്ടില്ലെന്നും അതിനായുള്ള പരിശ്രമങ്ങൾ തുടരണമെന്നും പാർലമെന്ററികാര്യ, എസ്.സി / എസ്.ടി, ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.സംസ്ഥാനതല യൂത്ത് ആന്റ് മോഡൽ പാർലമെന്റ് മത്സര വിജയികളുടെ റിപ്പീറ്റ് പെർഫോമൻസും സമ്മാന വിതരണവും സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ ഹാളിൽ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
അംബേദ്കർ വിഭാവനം ചെയ്ത ഭരണഘടനയിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം തുല്യതയാണ്. എന്നാൽ രാഷ്ട്രീയ തുല്യതയ്ക്കപ്പുറം സാമൂഹികവും സാമ്പത്തികവുമായ തുല്യത ഇനിയും രാജ്യം കൈവരിച്ചിട്ടില്ലെന്നും അതിനായി ജനാധിപത്യ സംവിധാനങ്ങൾ പ്രയത്‌നിക്കണമെന്നും അദ്ദേഹം പറഞ്ഞു.ദാരിദ്ര്യ നിർമ്മാർജ്ജനത്തിലും വിദ്യാഭ്യാസരംഗത്തും കേരളം ബഹുദൂരം മുന്നേറിയിട്ടുണ്ടെന്നും നീതി ആയോഗിന്റെ കണക്കുകൾ പ്രകാരം ബീഹാർ പോലുള്ള സംസ്ഥാനങ്ങളിൽ 50 ശതമാനം ജനങ്ങളും ദരിദ്രരായി ജീവിക്കുമ്പോൾ കേരളത്തിൽ ദരിദ്രരുടെ ശതമാനം 0.71 ആണെന്നും മന്ത്രി പറഞ്ഞു.
ഭരണഘടനാ തത്വങ്ങൾ പാലിക്കപ്പെടണം. നല്ലൊരു സമൂഹം കെട്ടിപ്പടുക്കാനും സാമൂഹിക നൻമയ്ക്കായും കൂടുതൽ കാര്യക്ഷമമായി ജനാധിപത്യ സംവിധാനങ്ങൾ പ്രവർത്തിക്കണമെന്ന് മന്ത്രി പറഞ്ഞു.
നിയമ നിർമ്മാണസഭയുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുകയെന്നതും ജനാധിപത്യത്തിന്റെ അടിത്തൂണായ നിയമനിർമ്മാണ സഭകളിലേക്ക് കടന്നുവരാൻ യുവതീ യുവാക്കൾക്ക് പ്രോത്സാഹനം നൽകുകയെന്നതുമാണ് മോഡൽ പാർലമെന്റ് മത്സരത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. പഴയ നിയമസഭാ ഹാളിലെ ചടങ്ങിൽ പങ്കെടുക്കുകയെന്നത് മത്സര വിജയികളെ സംബന്ധിച്ചെടുത്തോളം അവിസ്മരണീയമായ മുഹൂർത്തമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.