മസ്കത്ത്: സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരിഖിന്റെ നേതൃത്വത്തില്‍ വികസനത്തിന്റെ പുത്തന്‍ വിഹായസ്സിലേക്ക് ഒമാന്‍ കുതിക്കുന്നു.2020ല്‍ ജനുവരി 11ന് സുല്‍ത്താന്‍ ബാബൂസിന്റെ പിന്‍ഗാമിയായി ചുമതലയേറ്റ സുല്‍ത്താന്‍ ഹൈതം രാജ്യത്തിന്റെ നവോത്ഥാനത്തിന്റെ പുതിയ യുഗത്തിന് വേറിട്ട മുഖം നല്‍കാനുള്ള പ്രയാണത്തിലാണ്. സ്വദേശികളോടൊപ്പം വിദേശികളേയും പരിഗണിച്ചുകൊണ്ടാണ് രാജ്യത്തിന്റെ മുന്നേറ്റത്തിന് ആവശ്യമായ പദ്ധതികള്‍ ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നത്.
അയല്‍ രാഷ്ട്രങ്ങളുമായുള്ള സൗഹൃദങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനായി ഖത്തറിലും സൗദിയിലും കഴിഞ്ഞ വര്‍ഷം സുല്‍ത്താന്‍ സന്ദര്‍ശിക്കുകയുണ്ടായി. വിവിധ മേഖലകളിലെ സഹകരണത്തിനും നിക്ഷേപക്കരാറിന് ഈ സന്ദര്‍ശനം വഴിവെച്ചു. ബ്രിട്ടനിലെത്തിയ സുല്‍ത്താന്‍ ഊഷ്മളമായ സ്വീകരണമൊരുക്കിയാണ് പ്രധാനമന്ത്രിയും രാജകൊട്ടരവും വരവേറ്റത്. യെമന്‍ വിഷയങ്ങളുള്‍പ്പെടെയുള്ള അന്താരാഷ്ട്ര വിഷയങ്ങളില്‍ സുല്‍ത്താന്റെ നേതൃതത്തില്‍ നടന്നുവരുന്ന സമാധാന ശ്രമങ്ങളെയും ലോകം അഭിനന്ദിക്കുന്നു.
എണ്ണയിതര മേഖലകളില്‍നിന്നുള്ള വരുമാനം കണ്ടെത്താനുള്ള ശ്രമങ്ങളും വിജയപടിയിലാണ്. നവോത്ഥാനത്തിന്റെ നേട്ടങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനും ഈ രാജ്യത്തിന്റെ ഉയര്‍ച്ചക്കും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ ഭരണമേറ്റെടുത്ത അന്നുതന്നെ സുല്‍ത്താന്‍ ഒമാനിലെ പൗരന്മാരോട് ആഹ്വാനം ചെയ്തിരുന്നു.
ശോഭനമായ ഭാവി ലക്ഷ്യമിട്ടുള്ള ഒമാന്‍ വിഷന്‍ 2040ന്റെ മുന്നൊരുക്കമായി ദേശീയ താല്പര്യം മുന്‍ നിര്‍ത്തിയുള്ള വിവിധ പദ്ധതികളും പരിഷ്കരണങ്ങളുമാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ നടപ്പാക്കിയത്. 2021 മുതല്‍ 2025വരെ നീളുന്ന പത്താം പഞ്ചവത്സര പദ്ധതിക്കും തുടക്കമായിട്ടുണ്ട്.
ഒമാനി ജനതയുടെ വരുംകാല ആവശ്യങ്ങളും ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കുന്നതിനൊപ്പം പിന്നിട്ട വര്‍ഷങ്ങളില്‍ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ സംരക്ഷിക്കുന്നതുമായ നയങ്ങളാണ് സര്‍ക്കാര്‍ ആവിഷ്കരിക്കുന്നത്. ഒമാന്‍ വിഷന്‍ പദ്ധതിയുടെ ആദ്യ ഘട്ടമായാണ് പഞ്ചവത്സര പദ്ധതിയെ വിലയിരുത്തുന്നത്. സാമ്ബത്തിക വൈവിധ്യവത്കരണത്തിനൊപ്പം എണ്ണയിതര വരുമാനത്തില്‍ ക്രമമായ വര്‍ധനവുമാണ് പത്താം പഞ്ചവത്സര പദ്ധതി ലക്ഷ്യമിടുന്നത്. നൂതന സാങ്കേതികത അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങള്‍, കാര്‍ഷിക, ഫിഷറീസ്, ഭക്ഷ്യോല്പാദനം, ഗതാഗതം,ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ചുള്ള സാമ്ബത്തിക പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുക.
സാമ്ബത്തിക മേഖലയില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് രാജ്യത്തിന്റെ മുന്നേറ്റത്തിനായി നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്ന സന്ദര്‍ശനങ്ങള്‍ക്കും കഴിഞ്ഞ ദിവസങ്ങളില്‍ തുടക്കംകുറിച്ചു. ഇതിന്റെ ഭാഗമായി തെക്കന്‍ ശര്‍ഖിയ, അല്‍ വുസ്ത, ദാക്കിലിയ തുടങ്ങിയ ഗവര്‍ണറേറ്റുകളിലെ ശൈഖമാരുമായി കൂടിക്കാഴ്ച നടത്തി. പൗരന്മാര്ക്ക് സേവനങ്ങളും സൗകര്യങ്ങളും ഉറപ്പുവരുത്താന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. ഓരോ ഗവര്‍ണറേറ്റുകളിലെയും അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി രണ്ട് കോടി റിയാലാണ് അനുവദിച്ചിരിക്കുന്നത്.