തിരുവനന്തപുരം: ഇടുക്കി ഗവൺമെന്റ് എഞ്ചിനിയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ്റെ കൊലപാതകം ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. അക്രമരാഷ്ട്രീയത്തെ യുഡിഎഫോ കോൺഗ്രസോ പ്രോത്‌സാഹിപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലാൻ പരിശീലനം നൽകുന്നതും വാടക കൊലയാളികളെ കണ്ടെത്തുന്നതും സിപിഐഎം ആണ്. കൊലപാതകവുമായി പാര്‍ട്ടിക്ക് ബന്ധമില്ല. സുധാകരനെതിരായ സിപിഎമ്മിൻ്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും സതീശന്‍ പറഞ്ഞു.
ഒരുതരത്തിലുള്ള ന്യായീകരണവും ഒരു കാരണവശാലും പറയില്ല. ക്യാമ്പസിലെ അക്രമം അവസാനിപ്പിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവരവരുടെ വിദ്യാര്‍ഥി സംഘടനകളോട് ആവശ്യപ്പെടണമെന്നും സതീശന്‍ പറഞ്ഞു. ക്യാമ്പസുകളിലെ അതിക്രമങ്ങള്‍ വളരെയധികം ഉയര്‍ന്ന തലത്തിലാണ്. ക്യാമ്പസുകളില്‍ അക്രമം രൂക്ഷമായതിനാല്‍ വിദ്യാര്‍ഥികള്‍ പഠനം നിര്‍ത്തി പോകുന്ന സാഹചര്യമുണ്ട്. കോണ്‍ഗ്രസ് അക്രമ ശൈലി സ്വീകരിച്ചിട്ടില്ല.
കേരളത്തില്‍ നടന്നിട്ടുള്ള രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രതികളായിട്ടുള്ളത് സിപിഎം പ്രവര്‍ത്തകരാണ്. തീവ്രവാദ സംഘടനകളേക്കാളും മികച്ച രീതിയിലാണ് സിപിഎം പ്രവര്‍ത്തിക്കുന്നത്. വിവിധ കൊലപാതക കേസുകളില്‍ പ്രതികളായ സിപിഎം പ്രവര്‍ത്തകരെ അവര്‍ തന്നെയാണ് സംരക്ഷിക്കുന്നതെന്നും സതീശന്‍ പറഞ്ഞു. പോലീസിന് ഗുരുതര വീഴ്ച്ചയുണ്ടായി. പോലീസിന്‍റെ സാന്നിധ്യത്തിലാണ് അക്രമം നടന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി.
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍റെ തലയിൽ കൊലപാതകം കെട്ടിവയ്ക്കാൻ ശ്രമിക്കുന്നത് ശരിയല്ല. സംസ്ഥാനത്ത് വ്യാപകമായി അക്രമം നടക്കുകയാണെന്നും ഇത് പ്രോത്സാഹിപ്പിക്കാനാവില്ലെന്നും സതീശന്‍ പറഞ്ഞു. കൊലക്കേസ് പ്രതികളെ ജയിലിൽ കാണാൻ പോകുന്നയാളാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി. കൊലക്കത്തി താഴെ വയ്ക്കാൻ സിപിഐഎം അണികളോട് പറയണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
അക്രമത്തിന് കെ സുധാകരന്‍ ആഹ്വാനം ചെയ്‌തെന്നാണ് എസ്എഫ്‌ഐയുടെ ആരോപണം. ഇക്കാര്യം ഡിവൈഎഫയും സിപിഎമ്മും ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. സുധാകരൻ്റെ കണ്ണൂര്‍ ശൈലി സമാധാനം തകര്‍ക്കുന്നതാണെന്ന് പി ജയരാജന്‍ പറഞ്ഞു. കോണ്‍ഗ്രസിനെതിരെ സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധമാണ് സിപിഎമ്മും പോഷകസംഘടനകളും നടത്തുന്നത്.