മനാമ: നയതന്ത്ര മേഖലയില്‍ ബഹ്റൈന്‍ വലിയ മുന്നേറ്റം നടത്തിയതായി കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗം വിലയിരുത്തി.ലോകത്തെ വിവിധ രാഷ്ട്രങ്ങളുമായി ബന്ധം സ്ഥാപിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ നയനിലപാടുകള്‍ക്ക് ശ്രദ്ധേയ പങ്കുണ്ട്. അന്താരാഷ്ട്ര തലത്തിലും മേഖലയിലും സ്ഥാനമുറപ്പിക്കാന്‍ സാധ്യമായിട്ടുണ്ടെന്നും വിലയിരുത്തി.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് 50 വര്‍ഷത്തിനിടയില്‍ നയതന്ത്ര മേഖലയില്‍ ബഹ്റൈന്‍ കൈവരിച്ച നേട്ടം വിലയിരുത്തിയത്. ‘സുരക്ഷയും വളര്‍ച്ചയും’ എന്നതാണ് ബഹ്റൈന്റെ നയതന്ത്ര ബന്ധത്തിന്റെ അടിസ്ഥാനം.
എല്ലാ വര്‍ഷവും ജനുവരി 14 ബഹ്റൈന്‍ നയതന്ത്ര ദിനമായി ആചരിക്കുന്ന പശ്ചാത്തലത്തില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വ്യക്തിത്വങ്ങള്‍ക്കും കാബിനറ്റ് ആശംസകള്‍ അറിയിച്ചു. നാഷനല്‍ ഗാര്‍ഡ് രൂപവത്കരണത്തിന്റെ 25 വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ രാജ്യത്തിന്റെ സുരക്ഷ നിലനിര്‍ത്തുന്നതില്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന നാഷനല്‍ ഗാര്‍ഡ് അംഗങ്ങള്‍ക്ക് കാബിനറ്റ് ആശംസ നേര്‍ന്നു.
40,000 പാര്‍പ്പിട യൂനിറ്റുകള്‍ ലഭ്യമാക്കുന്നതിന് അംഗീകരിച്ചതില്‍ 2000 കൂടി അധികം ചേര്‍ക്കാനും ഫെബ്രുവരിയില്‍ ഇവ അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യാനും പ്രധാനമന്ത്രി നിര്‍ദേശം നല്കി. നാല് ഗവര്‍ണറേറ്റുകളിലും പാര്‍പ്പിട യൂനിറ്റുകളുടെ വിതരണം യഥാസമയം നടത്താനുള്ള തയാറെടുപ്പുകള്‍ സ്വീകരിക്കുന്നതിന് പാര്‍പ്പിടകാര്യ മന്ത്രിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഗവ. നവീകരണ മത്സരമായ ‘ഫിക്റ’യില്‍ പങ്കെടുക്കാന്‍ മുന്നോട്ടുവന്നവരെ കാബിനറ്റ് പ്രത്യേകം അഭിനന്ദിച്ചു.
തൊഴിലിലെ മികവിനും സര്‍ഗാത്മകത ശക്തിപ്പെടുത്താനും ജനങ്ങളുടെ കഴിവ് കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനുമാണ് ഇത്തരമൊരു മത്സരം. ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കാനും വാറ്റ് സമ്ബ്രദായം ശരിയായ രൂപത്തില്‍ നടപ്പില്‍വരുത്താനും സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് മന്ത്രിസഭ ചര്‍ച്ച ചെയ്തു. വാറ്റ് 10 ശതമാനമാക്കി വര്‍ധിപ്പിച്ച സാഹചര്യത്തില്‍ അവ കൃത്യമായി സ്ഥാപനങ്ങള്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് കൂടുതല്‍ പരിശോധന വേണമെന്നും ആവശ്യമുയര്‍ന്നു.
കസാഖ്സ്താനിലെ പുതിയ സംഭവ വികാസങ്ങള്‍ വിലയിരുത്തുകയും അവിടെ സമാധാനവും ശാന്തിയും സാധ്യമാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. വൈദ്യുതിയുമായി ബന്ധപ്പെട്ട 10 സേവനം ഓണ്‍ലൈനാക്കുന്നതിന് ബന്ധപ്പെട്ട മന്ത്രി മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ക്ക് അംഗീകാരം നല്കി. വിവിധ മന്ത്രിമാര്‍ പങ്കെടുത്ത പരിപാടികളെ സംബന്ധിച്ച റിപ്പോര്‍ട്ട് സഭയില്‍ അവതരിപ്പിച്ചു.