നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള സംഭവവികാസങ്ങളാണ് രണ്ട് ദിവസമായി വാർത്തകളിൽ നിറയുന്നത്. അഞ്ച് വർഷത്തെ അതിജീവനത്തെക്കുറിച്ച് തുറന്നു പറഞ്ഞ നടിക്ക് പിന്തുണയുമായി നിരവധി ആളുകളാണ് രംഗത്തെത്തിയത്. ഇക്കൂട്ടത്തിൽ നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസും നടിക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തി.
താൻ ആക്രമിക്കപ്പെട്ട നടിക്ക് ഒപ്പമാണെന്നും ‘ചേച്ചി ഇരക്കൊപ്പമോ അതോ വേട്ടക്കാരനൊപ്പമോ’ എന്ന ചോദ്യം അപ്രസക്തമാണെന്നും സാന്ദ്ര കുറിച്ചു. ദിലീപും കുടുംബവും ഉൾപ്പെട്ട വനിതയുടെ കവര്‍ പേജുമായി ബന്ധപ്പെട്ട് സാന്ദ്ര ഇട്ട പോസ്റ്റ് ഏറെ ചർച്ചയാകുകയും വിമർശനങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടിയ്ക്ക് പിന്തുണയറിയിച്ച് താരം രംഗത്തെത്തിയത്. രണ്ട് പെൺകുട്ടികളുടെ അമ്മയായ തനിക്കെങ്ങനെ വേട്ടക്കാരനൊപ്പം നിൽക്കാനാകുമെന്നും എന്നും അതിജീവിതയ്ക്കൊപ്പമാണെന്നും സാന്ദ്ര കുറിച്ചു.
സാന്ദ്രയുടെ കുറിപ്പ്:
ചേച്ചി ഇരക്കൊപ്പമോ അതോ വേട്ടക്കാരനൊപ്പമോ…? ഈ ചോദ്യമുന്നയിച്ചുകൊണ്ടുള്ള നിരവധി നിരവധി മെസ്സേജുകൾക്കുള്ള മറുപടി ഓരോരുത്തർക്കും വ്യക്തിപരമായി തരുന്നത് അസൗകര്യമായതിനാലാണ്
ഈ പോസ്റ്റിടുന്നത്.
ഈയൊരു ചോദ്യംതന്നെ അപ്രസക്തമാണ്. തീർച്ചയായും ഇരക്കൊപ്പംതന്നെ. എൻ്റെ കഴിഞ്ഞ ദിവസത്തെ പോസ്റ്റാണ് ഇങ്ങനെ ചിന്തിക്കാൻ നിങ്ങളിൽ കുറച്ചു പേരെയെങ്കിലും പ്രേരിപ്പിച്ചതെങ്കിൽ നമ്മുടെ തങ്കകൊല്സിൻ്റെ പ്രായമുള്ള ഒരു കുട്ടിയേയും ഇത്തരമൊരു സാഹചര്യത്തിൽ വളർന്നുവരണ്ട ആ കുഞ്ഞിൻ്റെ മാനസികാവസ്ഥയും മാത്രമേ ഞാനപ്പോൾ ചിന്തിച്ചുള്ളു.
ആരെയെങ്കിലും വെള്ളപൂശാനോ ന്യായീകരിക്കാനോ ആയിരുന്നില്ല ആ പോസ്റ്റ്. രണ്ട് പെൺകുട്ടികളുടെ അമ്മയായ എനിക്കെങ്ങനെ വേട്ടക്കാരനൊപ്പം നിൽക്കാനാകും…? ആദ്യം വന്ന കുറച്ചു കമന്റ്സ് ഞാനുദ്ദേശിച്ചതിനെ വളച്ചൊടിച്ചാണ് വന്നത്. ബാക്കിയുള്ളവർ അത് പിന്തുടർന്നു.
തങ്കക്കൊൽസിന് സുഖമില്ലാതെ ഇരുന്നതിനാൽ കമന്റുകൾക്ക് കൃത്യമായി reply ചെയ്യാൻ പറ്റിയില്ല. അപ്പോഴേക്കും പോസ്റ്റിൻ്റെ ഉദ്ദേശം വേറെ വഴിക്ക് കൊണ്ടുപോകപ്പെട്ടിരുന്നു. എന്നെ അറിയാവുന്നവർ ഇതൊന്നും വിശ്വസിക്കില്ല എന്നറിയാം എങ്കിലും ഒരു ക്ലാരിഫിക്കേഷൻ തരണമെന്ന് തോന്നി. ഞാൻ ഇരയ്‌ക്കൊപ്പം തന്നെയാണ്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fsandrathomasofficial%2Fposts%2F468333917987907&show_text=true&width=500