പാലക്കാട്: പാലക്കാട് ഉമ്മിനിയിൽ വീട്ടിൽ നിന്ന് ലഭിച്ച പുലിക്കുഞ്ഞുങ്ങളിൽ ഒന്നിനെ അമ്മപ്പുലി കൊണ്ടുപോയി. കൂടിനകത്ത് നിന്നാണ് കുഞ്ഞിനെ കൊണ്ട് പോയത്. കൂട്ടിൽ അവശേഷിച്ച രണ്ടാമത്തെ കുഞ്ഞിനെ വനംവകുപ്പിൻ്റെ ഓഫീസിലേക്ക് മാറ്റി. ആ കുഞ്ഞിനെ ഇന്ന് രാത്രിയിൽ വീണ്ടും കൂട്ടിൽ വെക്കുമെന്ന് വാളയാർ റെയ്ഞ്ച് ഓഫിസർ അറിയിച്ചു. ഇന്ന് പുലർച്ചയ്ക്കാണ് അമ്മപ്പുലി കുഞ്ഞിനെ കൊണ്ടുപോയത്. മക്കളെ തേടി മൂന്നു തവണ പുലി എത്തിയതായി വനംവകുപ്പിൻ്റെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് പാലക്കാട് അകത്തേത്തറ പഞ്ചായത്തിലെ ആളൊഴിഞ്ഞ വീട്ടിൽ രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. മാധവൻ എന്നയാളുടെ തകർന്നു കിടക്കുന്ന വീടാണ് ഇത്. പതിനഞ്ച് വർഷമായി ഇവിടെ ആൾത്താമസമില്ല. വീടും പറമ്പും വൃത്തിയാക്കുന്ന സമീപവാസിയായ പൊന്നൻ എന്നയാളാണ് പുലിയെ കണ്ടത്.
ജനിച്ച് അധികമാകാത്ത പുലിക്കുഞ്ഞുങ്ങളെയാണ് ഇവിടെ കണ്ടെത്തിയത്. കൂടിൽ കയറാതെ പുലിക്കുഞ്ഞുങ്ങളെ വച്ച പെട്ടി കടിച്ചാണ് അമ്മപ്പുലി കുഞ്ഞുങ്ങളിലൊന്നിനെ കൊണ്ടുപോയത്. കൂട്ടിൽ അവശേഷിച്ച കുഞ്ഞിനെയും പുലി കൊണ്ടുപോയ്‌ക്കോട്ടെ എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.