കോഴിക്കോട്: ഇടുക്കി പൈനാവ് ഗവ. എൻജിനീയറിങ് കോളജിൽ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിനെ കുത്തിക്കൊന്നത് ആസൂത്രിതമായാണെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം. സചിൻദേവ് എം.എൽ.എ. കൊലപാതകത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും. സംഭവത്തിൽ സമഗ്രാന്വേഷണം വേണം. കാമ്പസുകളിൽ കെ.എസ്.യു ഭീകരമായ അക്രമം അഴിച്ചുവിടുകയാണ്. യൂത്ത് കോൺഗ്രസ് ഇതിന് സഹായവും നൽകുന്നു. വിദ്യാർഥികളെ അണിനിരത്തി പ്രതിരോധിക്കുമെന്നും സചിൻദേവ് പറഞ്ഞു.
അതേസമയം ധീരജ് രാജേന്ദ്രൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ നിഖിൽ പൈലിയുടെയും ജെറിൻ ജോജോയുടെയും അറസ്റ്റാണ് രേഖപ്പെടുത്തുക.കൊലപാതകത്തിൽ ഇവരുടെ പങ്ക് തെളിഞ്ഞെന്ന് പോലീസ് വ്യക്തമാക്കി. നാല് കോളേജ് വിദ്യാർഥികളും കസ്റ്റഡിയിൽ ഉണ്ട്. എല്ലാവരും കെഎസ്യു പ്രവർത്തകരാണ്. ഇവരെ വിശദമായി ചോദ്യം ചെയ്യേണ്ടി വരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.