കണ്ണൂർ: ഇടുക്കി എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥിയായ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച്, കണ്ണൂർ തളിപ്പറമ്പിൽ സിപിഎം ഹർത്താൽ പ്രഖ്യാപിച്ചു. വൈകീട്ട് നാലു മണി മുതലാണ് ഹർത്താൽ.
അതേസമയം ധീരജിന്‍റെ സംസ്കാരം ഇന്ന് കണ്ണൂരിൽ നടക്കും. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള ധീരജിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷമാകും സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോകുക. സിപിഎം ഇടുക്കി ജില്ല കമ്മറ്റിഓഫീസിൽ പൊതുദർശനം ഉണ്ടാകും. തുടർന്ന് വിലാപ യാത്രയായി കണ്ണൂരിലേക്ക് കൊണ്ടുപോകും.ധീരജിന്‍റെ മൃതദേഹം വൈകിട്ട് അഞ്ച് മണിയോടെ കണ്ണൂരെത്തിക്കും. തളിപ്പറമ്പിലെ വീടിനോട് ചേർന്ന് പാർട്ടി വാങ്ങിയ സ്ഥലത്ത് രാത്രിയോടെ സംസ്കാരം നടക്കും.