ഷാർജ: വിദേശരാജ്യങ്ങളിൽ നിന്നെത്തുന്നവർക്കു കേരളത്തിൽ വീണ്ടും ക്വാറന്റൈൻ ഏർപ്പെടുത്തിയത് ഒഴിവാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബഹുമാനപെട്ട മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് ഗ്ലോബൽ പ്രവാസി അസോസിയേഷൻ ചെയർമാൻ സലാം പാപ്പിനിശ്ശേരി നിവേദനം നൽകി.
ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവർക്കില്ലാത്ത വിലക്ക് പ്രവാസികൾക്കു മാത്രമാക്കുന്നതിലെ അശാസ്ത്രീയത വിശദമാക്കികൊണ്ട് പ്രവാസലോകത്തു നിന്നുയരുന്ന പ്രതിഷേധവും പ്രവാസികളുടെ നിസഹായതയും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സലാം പാപ്പിനിശ്ശേരി നിവേദനം നൽകിയത്.
2 ഡോസ് വാക്സീൻ എടുക്കുകയും യാത്രയ്ക്ക് മുൻപ് പിസിആർ പരിശോധനയിൽ നെഗറ്റീവ് ലഭിക്കുന്നവരും മാത്രമാണ് ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തുന്നത്. തുടർന്ന് ചെന്നിറങ്ങുന്ന കേരളത്തിലെ അതാത് വിമാനത്താവളങ്ങളിൽ പിസിആർ പരിശോധനയ്ക്ക് വിധേയരായി അവിടെനിന്ന് നൽകുന്ന പരിശോധനയിൽ നെഗറ്റീവ് ആകുന്നവരെയെങ്കിലും നിർബന്ധിത ക്വാറന്റീനിൽനിന്ന് ഒഴിവാക്കണമെന്നും സലാം പാപ്പിനിശ്ശേരി നിവേദനത്തിൽ വിശദമാക്കി.