ഇടുക്കി: ധീരജ് കൊലപാതകത്തിൽ നീതിയുക്തമായ അന്വേഷണം വേണമെന്ന് കെഎസ്യു സംസ്ഥാന അധ്യക്ഷൻ കെ.എം. അഭിജിത്. പാർട്ടി നേതാക്കൾ വിളിച്ചുപറയുന്നവരെ പ്രതിയാക്കുകയല്ല വേണ്ടത്. അക്രമത്തെ തള്ളിപറയുന്നുവെന്നും അഭിജിത് വ്യക്തമാക്കി.
ഇടുക്കി ഗവൺമെന്റ് എൻജിനിയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവർത്തകനായ ധീരജ് രാജശേഖരൻ ആണ് കൊല്ലപ്പെട്ടത്. കോളജ് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിനിടെയാണ് ധീരജിനും മറ്റ് രണ്ടു വിദ്യാർഥികൾക്കും കുത്തേറ്റത്. പരിക്കേറ്റ വിദ്യാർഥികളായ അഭിജിത്ത്, അമൽ എന്നിവരെ ഗുരുതര പരിക്കുകളോടെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കേസില്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടുക്കി കരിമണലില്‍നിന്ന് ബസില്‍ യാത്രചെയ്യുന്നതിനിടെയാണ് ഇയാളെ പോലീസ് പിടികൂടിയത്. വിദ്യാര്‍ഥികളെ അക്രമിച്ചശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടുവെന്ന് കരുതപ്പെടുന്ന ഇയാളെ കണ്ടെത്താന്‍ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പോലീസ് വിപുലമായ അന്വേഷണം നടത്തിവരികയായിരുന്നു.
യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജെറിൻ ജോജോയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവശേഷം ഓടി രക്ഷപ്പെടുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.