മുംബൈ: മുംബൈയിലടക്കം സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ അടച്ചുതുടങ്ങി. കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെയാണിത്. പുതിയ സിനിമകള്‍ പുറത്തിറങ്ങുന്നത് നിലച്ചതും ഇതിന് ആക്കംകൂട്ടിയിട്ടുണ്ട്. തിങ്കളാഴ്ചമുതല്‍ സിനിമാ തിയേറ്ററുകളില്‍ 50 ശതമാനം പേര്‍ക്കു മാത്രമേ കയറാന്‍ അനുവാദമുള്ളൂ.
മാത്രവുമല്ല കോവിഡ് വ്യാപനം കൂടിയതോടെ തിയേറ്ററുകളിലേക്ക് വരുന്നവരുടെ എണ്ണവും കുറയാന്‍ തുടങ്ങി. ഇതോടുകൂടിയാണ് തിയേറ്ററുകള്‍ അടച്ചിടുകയാണ് നല്ലതെന്ന തീരുമാനത്തിലേക്ക് ഉടമകൾ എത്തിയത്. മഹാരാഷ്ട്രയ്ക്കുപുറമെ മറ്റുസംസ്ഥാനങ്ങളിലേയും സ്ഥിതി വ്യത്യസ്ഥമല്ല. തമിഴ്‌നാട്, കർണാടക, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നേരത്തെതന്നെ തിയേറ്ററുകളിൽ പ്രവേശനം 50 ശതമാനം പേർക്ക് മാത്രമായി നിയന്ത്രിച്ചിരുന്നു. സ്‌പൈഡര്‍മാന്‍: നോ വേ ഹോം, പുഷ്പ: ദി റൈസ്, 83 തുടങ്ങിയ സിനിമകളാണ് നിലവില്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇവ പിന്‍വലിക്കുന്നതോടെ മിക്ക തിയേറ്ററുകളും പ്രവര്‍ത്തനം നിര്‍ത്താനാണ് സാധ്യത.