ആശങ്ക സൃഷ്ടിച്ച് സംസ്ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും കുതിച്ചുയരുന്നു. ദിനംപ്രതിയുള്ള കണക്ക് ഞായറാഴ്ച 6000 പിന്നിട്ടു. 54,108 സാംപിളുകളുടെ ഫലം വന്നപ്പോൾ 6,238 പേരാണ് പോസിറ്റീവായത്. ടിപിആർ 11.53%. ഡിസംബർ അവസാന ദിനങ്ങളിൽ ഉണ്ടായിരുന്നതിനേക്കാൾ ഇരട്ടിയിലേക്കാണ് നിലവിൽ കോവിഡ് കേസുകൾ കൂടുന്നത്. ഇതോടെ സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലേക്ക് വൈകാതെ നീങ്ങേണ്ടി വരും എന്ന സൂചനയാണ് ലഭിക്കുന്നത്.
2022 പുതുവത്സരദിനത്തിൽ സംസ്ഥാനത്ത് പോസിറ്റീവായി ഉണ്ടായിരുന്നവരുടെ എണ്ണം18,904 ആയിരുന്നു. ഇന്നലെ അത് 34,902 ആയി. 9 ദിവസം കൊണ്ട് 16,000 പേരുടെ വർധനയാണുണ്ടായത്. യഥാർത്ഥത്തിൽ 16,000 പുതിയ രോഗികൾ അല്ല ഉണ്ടായത്. 18,904 പേരിൽ നെഗറ്റീവ് ആയവരുടെ എണ്ണം കൂടി കവർ ചെയ്യുന്ന വർധനയാണ് കഴിഞ്ഞ ഒമ്പത് ദിവസത്തിൽ ഉണ്ടായത്.
അതേസമയം തന്നെ കോവിഡ് കേസുകൾ വീണ്ടും കുതിക്കുമ്പോൾ സാംപിൾ പരിശോധന ഓരോ ദിവസവും കുറയുകയാണ്. രോഗ സ്ഥിരീകരണ നിരക്ക് (ടിപിആർ) കുതിച്ചുയരുന്നു എന്നാണ് ഇതു സൂചിപ്പിക്കുന്നത്. നേരത്തേ ടിപിആർ അടിസ്ഥാനത്തിലായിരുന്നു നിയന്ത്രണങ്ങളും ഇളവുകളും നൽകിയിരുന്നത്. സർക്കാർ ഇപ്പോൾ ഔദ്യോഗികമായി ടിപിആർ പ്രസിദ്ധീകരിക്കുന്നില്ല. ശനിയാഴ്ച 60,075 പരിശോധനകളിൽ 5,944 പേർക്കായിരുന്നു (ടിപിആർ 9.80%) കോവിഡ്. ഡിസംബറിൽ 3% മാത്രമായിരുന്നു ടിപിആർ.
സംസ്ഥാനത്തെ ആകെ കോവിഡ് മരണം അമ്പതിനായിരത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങള്‍ കൂടി ഇന്നലെ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആകെ മരണം 49,591 ആയി ഉയർന്നു. ഒരിടവേളക്ക് ശേഷം ആയിരം കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിക്കുന്ന രണ്ട് ജില്ലകൾ കൂടി ഇന്നലെ സംസ്ഥാനത്ത് ഉണ്ടായി. തിരുവനന്തപുരത്ത് 1,507 പേര്‍ക്കും എറണാകുളത്ത് 1,066 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇരു ജില്ലകളിലും കോവിഡ് കേസുകൾ അനിയന്ത്രിതമായി ഉയരുമെന്ന് റിപ്പോർട്ടുകൾ വന്ന് ദിവസങ്ങൾ ആയിട്ടില്ല. അതിനിടെയാണ് ഈ വർദ്ധനവ് ഉണ്ടായത്.
ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നേരത്തെ കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയിരുന്നു. വിവാഹം, മരണാനന്തര ചടങ്ങുകള്‍ ഉള്‍പ്പെടെ പരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം അടച്ചിട്ട മുറികളില്‍ പരമാവധി 75 പേര്‍, ഔട്ട് ഡോര്‍ പരിപാടികളില്‍ പരമാവധി 150 പേര്‍ എന്നിങ്ങനെ പരിമിതപ്പെടുത്തിയിരുന്നു.
എന്നാൽ കോവിഡ് ഭീതി വര്‍ധിക്കുന്നതിനിടെ ഈ നിയന്ത്രണങ്ങൾ മാത്രം മതിയാകില്ല എന്നതാണ് സ്ഥിതി. കൂടുതൽ നിയന്ത്രണങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കാനും സ്ഥിതി വിലയിരുത്താനായി സർക്കാർ അവലോകന യോഗം വിളിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന യോഗത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ച നടക്കുമെന്നാണ് വിവരം.
അതേസമയം കോവിഡ് വർധന സംസ്ഥാനത്തെ മാത്രം സ്ഥിതിവിശേഷമല്ല. രാജ്യത്ത് മൊത്തത്തിൽ കോവിഡ് കേസുകളിൽ വൻ വർധനവാണ് ഉണ്ടാകുന്നത്. ഏറ്റവും ശക്തമായ കോവിഡ് വ്യാപനത്തിലൂടെ കടന്നുപോകവേ, സംസ്ഥാനാന്തര യാത്ര നിയന്ത്രിക്കണോ എന്നതുസംബന്ധിച്ചു കേന്ദ്രം ആലോചന തുടങ്ങിയിട്ടുണ്ട്. റെയിൽ, വിമാന സർവീസുകളിൽ നിയന്ത്രണം വേണോ എന്നതാണു പരിശോധിക്കുന്നത്. കോവിഡ് സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ അടിയന്തരയോഗം വിളിച്ചിരുന്നു.
നിലവിലെ സ്ഥിതി നേരിടാൻ തീവ്ര നിയന്ത്രണം ഉറപ്പാക്കാൻ പ്രധാനമന്ത്രി വിവിധ മന്ത്രാലയങ്ങൾക്കു നിർദേശം നൽകി. ദേശീയതലത്തിൽ ലോക്ഡൗൺ ഉണ്ടാകില്ലെന്ന് ആവർത്തിക്കുമ്പോഴും ആഭ്യന്തര വിമാന യാത്രയും സംസ്ഥാനാന്തര യാത്രകളും നിയന്ത്രിക്കണമെന്ന വിലയിരുത്തൽ കേന്ദ്രത്തിനുണ്ട്.
പ്രത്യേകിച്ചും, വ്യാപനം കൂടുതലുള്ള പ്രധാന നഗരങ്ങൾക്കിടയിലെ യാത്ര. സംസ്ഥാനാന്തര യാത്രകൾക്കു വിലക്കു പാടില്ലെന്നതാണ് നിലവിലെ നിർദേശം. കോവിഡ് സംബന്ധിച്ചു മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചർച്ച നടത്തും. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്നു സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി ചർച്ച നടത്തും.
അതേസമയം, കോവിഡ് മൂന്നാം തരംഗം ശക്തമായിരിക്കെ രാജ്യത്തു മൂന്നാം ഡോസ് (കരുതൽ ഡോസ്) പ്രതിരോധ കുത്തിവയ്പിന് ഇന്നു തുടക്കമാകും. രണ്ടു ഡോസ് വാക്സീനെടുത്ത് 9 മാസം ( 39 ആഴ്ച) പിന്നിട്ട ആരോഗ്യപ്രവർത്തകർ, കോവിഡ് മുന്നണിപ്പോരാളികൾ, മറ്റു രോഗങ്ങളുള്ള 60 കഴിഞ്ഞവർ എന്നിവർക്കാണ് ഇപ്പോൾ കരുതൽ ഡോസ് ലഭ്യമാവുക. 60 കഴിഞ്ഞവർക്കു പ്രത്യേക മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമില്ലെങ്കിലും ഡോക്ടറുടെ അഭിപ്രായം തേടുന്നത് ഉചിതമായിരിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
സമ്പൂർണ അടച്ചിടൽ സംസ്ഥാനത്തോ രാജ്യത്തോ നിലവിൽ ഉണ്ടാകില്ലെങ്കിൽ ഇപ്പോൾ തന്നെ ആവശ്യമായ മുൻകരുതൽ എടുത്തില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും. കോവിഡ് വ്യാപനം തടയാൻ പ്രധാനമായും സ്വീകരിച്ചിരുന്ന മുൻകരുതലായി മാസ്ക്, സാനിറ്റൈസർ, സാമൂഹ്യഅകലം എന്നത് ഇപ്പോൾ പേരിന് പോലും ഇല്ല. ആദ്യം ഇല്ലാതായത് സാനിറ്റൈസർ ആണ്. സർക്കാർ ഓഫീസുകളിൽ പോലും ഇല്ലാതായ സാനിറ്റൈസറിനെ പൂർണമായും അവഗണിച്ച നിലയിലാണ്. ഡബിൾ മാസ്ക് ഇല്ലെങ്കിലും പൊതു ഇടങ്ങളിൽ മാസ്ക് ഉപയോഗിക്കുന്നവർ ധാരാളം ഉണ്ട്. എന്നാൽ മാസ്ക് ഒഴിവാക്കുന്നവരുടെ എണ്ണവും വർധിക്കുകയാണ്.
സാമൂഹ്യ അകലം എന്നത് ചിലർ മാത്രം പാലിക്കുകയും മറ്റുള്ളവർക്ക് ആവശ്യമില്ല എന്നതുമാണ് സർക്കാരിന്റെ നിലവിലെ സ്ഥിതി. മുസ്‌ലിം കോർഡിനേഷൻ കമ്മറ്റി സർക്കാരിന്റെ വഖഫ് തീരുമാനങ്ങൾക്കതിരെ നടത്തിയ പ്രതിഷേധ യോഗത്തിനെതിരെ പോലീസ് കേസെടുത്തിരുന്നു. 200 പേർ പരിപാടിയിൽ പങ്കെടുത്തതിനായിരുന്നു കേസ്. ഈ കേസെടുത്ത് ഏതാനും ദിവസങ്ങൾക്കുള്ളിലാണ് ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത എടപ്പാൾ പാലം ഉദ്‌ഘാടനം നടന്നത്. മന്ത്രിമാരും എംഎൽഎമാരും എംപിയും പങ്കെടുത്ത ഈ പരിപാടിക്കെതിരെ പോലീസ് കേസെടുത്തില്ല. ആളുകളെ ക്ഷണിച്ച് എത്തിയതല്ല എന്ന ന്യായം ഉന്നയിക്കാൻ പറ്റില്ല. സ്ഥലം എംഎൽഎ കെ.ടി ജലീൽ ഉൾപ്പെടെ നടത്തിയ പ്രമോഷൻ കണ്ടാണ് മിക്കവാറും എത്തിയിട്ടുണ്ടാകുക എന്നുറപ്പാണ്.
സർക്കാർ നടപ്പിലാക്കുന്ന കോവിഡ് നിയന്ത്രണം ഇത്തരത്തിലാണെങ്കിൽ കോവിഡ് പഴയത് പോലെ കുത്തനെ ഉയരും. ഇതോടെ സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലേക്കും അടച്ചിടലിലേക്കും നീങ്ങേണ്ടിവരും. ഇത് ബാധിക്കുക സാധാരക്കാരായ മനുഷ്യരെയാകും.