അട്ടപ്പാടി: അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം. പുതൂര്‍ നടുമുള്ളി ഊരിലെ ഈശ്വരി- കുമാര്‍ ദമ്പതികളുടെ മൂന്ന് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. കോട്ടത്തറ ട്രൈബര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കുഞ്ഞ് മരിച്ചത്. വെള്ളിയാഴ്ച്ച സിസേറിയനിലൂടെ പുറത്തെടുത്ത നവജാത ശിശുവാണ് മരിച്ചത്.
ഈ വർഷത്തെ അട്ടപ്പാടിയിലെ ആദ്യ നവജാത ശിശു മരണമാണിത്. ഔദ്യോഗിക കണക്ക് അനുസരിച്ച് കഴിഞ്ഞ വർഷം 9 കുഞ്ഞുങ്ങളാണ് മരിച്ചത്. അടുത്തടുത്ത ദിവസങ്ങളിൽ നാല് കുഞ്ഞുങ്ങൾ വരെ മരിച്ച സന്ദർഭം ഉണ്ടായിട്ടുണ്ട്. മൂന്നാം തീയതിയാണ് ഈശ്വരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബ്ലഡ് പ്രഷര്‍ കുറവായിരുന്നതടക്കം ഈശ്വരിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഏഴാം തീയതിയാണ് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തത്. രണ്ട് കിലോ മാത്രമായിരുന്നു കുഞ്ഞിൻ്റെ ഭാരം. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് കുഞ്ഞ് മരിച്ചത്. കോട്ടത്തറ ട്രൈബൽ ആശുപത്രിയിലെ സൗകര്യങ്ങളില്ലായ്മ കാരണമാണ് മരണങ്ങൾ കൂടുന്നതെന്നും ആരോപണം ഉയർന്നു.
ഗർഭിണികൾക്ക് ആവശ്യമായ പോഷകാഹാരം കിട്ടുന്നില്ലെന്ന് വ്യക്തമായി. ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെപ്പോലും ചികിൽസക്കാനുള്ള സൗകര്യം കോട്ടത്തര ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഇല്ലെന്ന് ആശുപത്രി സൂപ്രണ്ട് തന്നെ വ്യക്തമാക്കിയിരുന്നു. ആരോഗ്യനില മോശമാകുന്നവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കെത്തിക്കാൻ വേണ്ടത്ര സൗകര്യങ്ങളുള്ള ആംബൂുലൻസുകളും പോലും കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ ഉണ്ടായിരുന്നില്ല. നവജാത ശിശുമരണവും ആശുപത്രിയിലെ സൗകര്യങ്ങളില്ലായ്മയും വാർത്തകളിൽ നിറഞ്ഞതോടെ ആശുപത്രി സൂപ്രണ്ട് ഡോ.പ്രഭുദാസിനെ തൽസ്ഥാനത്ത് നിന്നും മാറ്റുകയും അട്ടപ്പാടിക്കായി കർമ പദ്ധതി സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.