ന്യൂഡൽഹി;രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകൾ 1,80,000 ആയി ഉയർന്നു. പ്രതിവാര കേസുകളിൽ 500 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.ഒമിക്രോണിൻറെ തന്നെ വകഭേദമായ ബി. എ. 1 ഉം പടരുകയാണ്. ഉത്തർപ്രദേശിൽ പ്രതിദിന കേസുകൾ 7635 ആയി.ഡൽഹിയിൽ കോവിഡ് കുതിച്ചുയരുന്നു, ഒപ്പം മരണവും. ഇന്ന് രാജ്യതലസ്ഥാനത്ത് കോവിഡ് ബാധിച്ച് 17 മരണം റിപ്പോർട്ട് ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23 ശതമാനമായി ഉയർന്നു.കഴിഞ്ഞ ഒരു ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 22751 കേസുകൾ. മുൻ ദിവസത്തെ അപേക്ഷിച്ച് 12 ശതമാനം വർദ്ധനവാണ് രേഖപെടുത്തിയത്. ഡൽഹിയിൽ കഴിഞ്ഞ നാലു ദിവസത്തിനുള്ളിൽ 8000ൽ അധികം കേസുകളുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
പശ്ചിമ ബംഗാളിൽ പ്രതിദിന കോവിഡ് കേസുകൾ ഇരുപത്തി അയ്യായിരത്തിലേക്ക്. ഞായറാഴ്ച 24,287 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഉയർന്ന കണക്കാണിത്.ടിപിആർ 30 ശതമാനത്തിനു മുകളിലാണ്. ശനിയാഴ്ചത്തെ അപേക്ഷിച്ച് 5485 പേർക്കുകൂടിയാണ് രോഗം സ്ഥിരീകരിച്ചത്. ബംഗാളിലെ ആകെ കേസുകളിൽ മൂന്നിലൊന്നും കോൽക്കത്ത നഗരത്തിലാണ്.അതിനിടെ രാജ്യത്ത് കരുതൽ ഡോസിന്റെ വിതരണം ഇന്നു മുതൽ ആരംഭിക്കും. അസുഖ ബാധിതരായ മുതിർന്ന പൗരൻമാർ, ആരോഗ്യ പ്രവർത്തകർ , കൊവിഡ് മുന്നണിപ്പോരാളികൾ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ കരുതൽ ഡോസ് ലഭിക്കുക.രണ്ടാം ഡോസ് എടുത്തു ഒമ്പത് മാസം പൂർത്തിയായവർക്ക് മാത്രമേ കരുതൽ ഡോസ് എടുക്കാൻ അർഹത ഉണ്ടാവൂ.