ചെന്നൈ: തമിഴ്നാട്ടിൽ ഇന്ന് 12,895 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചവരിൽ 80 ശതമാനവും ഒമൈക്രോൺ വകഭേദമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. 12 പേർ മരിച്ചതായി തമിഴ്നാട് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നു. പ്രതിദിനരോഗികളിൽ പകുതിയും ചെന്നൈയിലാണ്. 6,186 പേർക്കാണ് വൈറസ് ബാധ.
കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ മറ്റ് നിയന്ത്രണങ്ങള്‍ക്കൊപ്പം ഞായറാഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് സംസ്ഥാനത്ത് ഇന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. പൊതു ഗതാഗത സംവിധാനങ്ങളും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുമടക്കം പ്രവര്‍ത്തിക്കില്ല.
അതേസമയം, രാജ്യതലസ്ഥാനമായ ഡൽഹിയിൽ 22,751 പേർക്കാണ് 24 മണിക്കൂറിനിടെ വൈറസ് ബാധ. 17 പേർ മരിച്ചു. ടിപിആർ 23.53 ആണ്.
പശ്ചിമബംഗാളിൽ കാൽലക്ഷത്തോളം പേർക്കാണ് കോവിഡ് സ്ഥിരികരിച്ചത്. 24 മണിക്കൂറിനിടെ 24,287 പേർക്കാണ് വൈറസ് ബാധ. 18 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ സജീവ കേസുകളുടെ എണ്ണം 78,111 ആയി. ഇതുവരെ 16, 57,034 പേർ രോഗമുക്തി നേടി. മരണ സംഖ്യ 19,901 ആയി.