അമൃത്സർ: ഇറ്റലിയിൽനിന്നും പഞ്ചാബിലെ അമൃത്സറിൽ എത്തിയ വിമാനയാത്രക്കാർക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ച സംഭവത്തിൽ ലാബിനെതിരെ അന്വേഷണം. എയർപോർട്ട് അതോറിറ്റിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പരിശോധനാഫലം ശരിയല്ലെന്നു വ്യാപക പരാതിയുണ്ടായിരുന്നു. ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ലാബിന്റെ സേവനങ്ങൾക്കു പകരം പ്രാദേശിക ലാബിനെ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചുമതലപ്പെടുത്തി.
കൂട്ടമായി കോവിഡ് പോസിറ്റീവായതോടെ, ഇറ്റലിയിൽനിന്നു വന്ന യാത്രക്കാർ നൽകിയ പരാതിയെ തുടർന്നാണു നടപടിയെന്ന് അധികൃതർ അറിയിച്ചു. വിമാനത്തിൽ കയറുംമുൻപ് നടത്തിയ പരിശോധനയിൽ നെഗറ്റീവ് ആയിരുന്നെന്നും മണിക്കൂറുകൾക്കുള്ളിൽ അമൃത്സറിൽ എത്തിയ ശേഷം പെട്ടെന്ന് പോസിറ്റീവ് ആകുന്നത് എങ്ങനെയെന്നും യാത്രക്കാർ ചോദിക്കുന്നു. പരിശോധനാഫലം പോസിറ്റീവായതോടെ ചിലർ ലാബിനെതിരെ വിമാനത്താവളത്തിൽ പ്രതിഷേധിക്കുകയും ചെയ്തു.
റോം-അമൃത്സർ ചാർട്ടേർഡ് വിമാനത്തിൽ എത്തിയ 173 യാത്രക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. യാത്രക്കാരിൽ ചിലർ പിന്നീട് വീണ്ടും നടത്തിയ പരിശോധനയിൽ നെഗറ്റീവായിരുന്നു.
തുടർച്ചയായ രണ്ടാം ദിവസമാണ് ഇറ്റലിയിൽ നിന്ന്‍ അമൃത്സർ വിമാനത്താവളത്തിലെത്തിയ യാത്രക്കാർക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിക്കുന്നത്. വ്യാഴാഴ്ച, ഇറ്റലിയിലെ മിലാനിൽ നിന്ന്‍ മറ്റൊരു ചാർട്ടർ വിമാനത്തിൽ എത്തിയ 125 യാത്രക്കാർക്ക് അമൃത്സർ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.