ന്യൂഡല്‍ഹി: സിപിഐഎം പാർട്ടി കോൺഗ്രസ് തീയതികൾ പ്രഖ്യാപിച്ചു. കണ്ണൂരിൽ ഏപ്രിൽ 6 മുതൽ 10 വരെ അഞ്ച് ദിവസമായിട്ടാകും പാർട്ടി കോൺഗ്രസ് നടത്തുക. ഹൈദരാബാദിൽ സിപിഐഎം കേന്ദ്രകമ്മിറ്റിയിലാണ് തീരുമാനം. ബിജെപിക്കെതിരെ മതേതര ശക്തികളെ ഒന്നിച്ച് നിർത്തി പോരാടണമെന്ന് കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.
ദേശീയ തലത്തില്‍ കോണ്‍ഗ്രസ് സഹകരണം വേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ തീരുമാനമായി. പ്രാദേശിക കക്ഷികളുമായി ചേര്‍ന്ന് ഇടത് ബദല്‍ വളര്‍ത്തണമെന്നും അതാത് സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്തി ബിജെപിക്കെതിരായ ബദല്‍ ഉണ്ടാക്കണമെന്നുമാണ് കേന്ദ്ര കമ്മിറ്റിയില്‍ ധാരണയായത്. 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് നയരേഖയ്ക്കും കേന്ദ്രകമ്മിറ്റി അംഗീകാരം നല്‍കി.
നേരത്തെ പോളിറ്റ് ബ്യൂറോ സമവായത്തിലൂടെ തയാറാക്കിയ രേഖയിൽ ഇത്തരത്തിലുള്ള തീരുമാനമാണ് എടുത്തിരുന്നതെങ്കിലും ബംഗാളിൽ നിന്നുള്ള ചില അംഗങ്ങൾ കോൺഗ്രസുമായി ദേശീയ തലത്തിൽ സഹകരണം ആവശ്യമാണെന്നും എങ്കിൽ മാത്രമേ ബി ജെ പിയെ ചെറുക്കുക പ്രായോഗികമാകൂ എന്ന നിലപാടെടുത്തു. എന്നാൽ ചർച്ചയിൽ പങ്കെടുത്ത ഭൂരിഭാഗം അംഗങ്ങളും കേരളം, തെലങ്കാന,ആന്ധ്രാ പ്രദേശ്, ഉത്തർപ്രദേശ്, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.