ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി എസ് പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി. ഒറ്റയ്ക്ക് അധികാരത്തിലെത്തും. അഭിപ്രായ സർവ്വേകൾ തെറ്റാണെന്ന് വോട്ടെടുപ്പ് കഴിയുമ്പോൾ തെളിയുമെന്നും മായാവതി പറഞ്ഞു. ഫെബ്രുവരി പത്തുമുതൽ ഏഴു ഘട്ടങ്ങളായാണ് യുപിയിൽ വോട്ടെടുപ്പ് നടക്കുക.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രതികരണവുമായി മായാവതി രംഗത്തുവന്നിരിക്കുന്നത്. യുപിയില്‍ ബിജെപിയും എസ് പിയും കോണ്‍ഗ്രസും കാടിളക്കിയുള്ള പ്രചാരണം നടത്തുമ്പോഴും, മായാവതിയുടെയോ ബി എസ് പിയുടെയോ ഭാഗത്തുനിന്നും കാര്യമായ നീക്കമൊന്നും ഉണ്ടായിരുന്നില്ല. മറ്റു പാര്‍ട്ടികള്‍ വന്‍ റാലികളുമായി കളം നിറഞ്ഞപ്പോള്‍ ട്വിറ്റര്‍ പ്രതികരണങ്ങള്‍ മാത്രമാണ് മായവതി നടത്തിയിരുന്നത്.
മായാവതിയെ കാണാനില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പരിഹസിച്ചിരുന്നു. തെരഞ്ഞെടുപ്പ് ചൂട് എല്ലായിടത്തും നിറഞ്ഞിട്ടും മായാവതി പുറത്തുവരുന്നില്ലെന്നും ബി എസ് പി ഭയത്തിലാണെന്നും അമിത് ഷാ പരിഹസിച്ചിരുന്നു. ബി എസ് പിക്ക് അതിൻ്റെതായ രീതികളുണ്ടെന്നും മറ്റുള്ളവരെ കോപ്പി അടിക്കേണ്ട കാര്യം തങ്ങള്‍ക്കില്ലെന്നുമാണ് മായാവതി ഇതിന് മറുപടി പറഞ്ഞിരിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള ചര്‍ച്ചകള്‍ക്ക് ബി എസ് പി ഇന്ന് തുടക്കമിടും. 2017ല്‍ അഖിലേഷ് യാദവിൻ്റെ എസ് പിയുമായി സഖ്യമുണ്ടാക്കിയ ബി എസ് പി 19 സീറ്റില്‍ ഒതുങ്ങിയിരുന്നു. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പത്തു സീറ്റുകളാണ് പാര്‍ട്ടിക്ക് ലഭിച്ചത്.
രണ്ടായിരത്തി ഏഴിലാണ് മായാവതി യുപിയിലെ മുഖ്യമന്ത്രിയായി അധികാരമേറ്റത്. അതേ ഫലം ആവർത്തിക്കുമെന്നാണ് ഇപ്പോഴത്തെ അവകാശവാദം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സമാജ് വാജി പാർട്ടി കോൺഗ്രസുമായി ചേർന്ന് മത്സരിച്ചിരുന്നു. ലോക്സഭയിൽ മായാവതിയും അഖിലേഷും ഒന്നിച്ചു. ഇത്തവണ അഖിലേഷ് യാദവ് അജിത് സിംഗിൻ്റെ രാഷ്ട്രീയ ലോക്ദളുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്. പശ്ചിമ യുപിയിൽ സഖ്യം അഖിലേഷിനെ സഹായിക്കും. എന്നാൽ 20 ശതമാനം വോട്ട് ഏത് തെരഞ്ഞെടുപ്പിലും കിട്ടുന്ന ബി എസ് പി ചോർത്തുന്നത് അഖിലേഷിൻ്റെ വോട്ടുകളാകും.