അഹമ്മദാബാദ്: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് വളര്‍ത്തുനായയുടെ ജന്മദിനാഘോഷം സംഘടിപ്പിച്ചതിന് മൂന്നുപേരെ അറസ്റ്റ് ചെയ്തു.ബന്ധുക്കളും സുഹൃത്തുക്കളുമായി വലിയൊരു സംഘം തന്നെ പാര്‍ട്ടിയില്‍ ഒത്തുകൂടി നായയുടെ ജന്മദിനം ആഘോഷിക്കുകയായിരുന്നു. ഇന്ത്യന്‍ സ്പിറ്റ്സ് ഇനത്തിലുള്ള അബ്ബി എന്ന നായയുടെ പിറന്നാളാഘോഷമാണ് വിപുലമായി നടത്തിയത്.
കേക്കു മുറിക്കലും സംഗീത പരിപാടിയുമായി വലിയ പരിപാടിയായിരുന്നു സംഘടിപ്പിച്ചത്. അഹമ്മദാബാദ് കൃഷ്ണനഗറിലാണ് സംഭവം. ചിരാഗ് പട്ടേല്‍, ഉര്‍വിഷ് പട്ടേല്‍ എന്നീ സഹോദരങ്ങളും സുഹൃത്ത് ദിവ്യേഷ് മെഹരിയുമാണ് അറസ്റ്റിലായത്.പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചിരുന്നില്ല.
ഇക്കാര്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നിക്കോള്‍ പൊലീസ് മൂന്നു പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പകര്‍ച്ചവ്യാധി നിയന്ത്രണനിയമത്തിന്റെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. ഏഴുലക്ഷം രൂപയോളമാണ് നായയുടെ ജന്മദിന ആഘോഷത്തിനായി ഇവര്‍ ചെലവഴിച്ചതെന്ന് പോലീസ് പറഞ്ഞു.
കോവിഡിന്റെ മൂന്നാംതരംഗം നിയന്ത്രിക്കുന്നതിന് ഗുജറാത്ത് സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെയാണ് നായയുടെ ജന്മദിനം ആഘോഷിച്ച സഹോദരങ്ങള്‍ കുടുങ്ങിയത്.