ന്യൂഡൽഹി; രാജ്യത്ത് ഫെബ്രുവരി ഒന്നിനും 15നും ഇടക്ക് കോവിഡ് മൂന്നാം തരംഗം രൂക്ഷമായേക്കുമെന്ന് പഠനം.ഐ.ഐ.ടി മാത്തമാറ്റിക്സ് വിഭാഗവും സെന്റർ ഓഫ് എക്സലൻസ് ഫോർ കമ്പ്യൂട്ടേഷനൽ മാത്തമാറ്റിക്സ് ആൻഡ് ഡേറ്റ സയൻസും ചേർന്ന് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നിഗമനം. കോവിഡ് ആർ വാല്യുവിന്റെ അടിസ്ഥാനത്തിലാണ് പഠനം. പകർച്ച വ്യാപന സാധ്യത, സമ്പർക്ക പട്ടിക, രോഗം പകരാനുള്ള ഇടവേള എന്നിവയുടെ അടിസ്ഥാനത്തിലാണ് ആർ വാല്യു കണക്കാക്കുന്നത്.
രോഗബാധിതനായ ഒരാളിൽനിന്ന് എത്രപേർക്ക് രോഗം പടരുമെന്നതാണ് ആർ മൂല്യം. പ്രാഥമിക വിശകലനത്തിൽ ആർ മൂല്യം ഉയർന്ന നിലയിലാണ്. ഡിസംബർ 25 മുതൽ 31വരെ ഇത് 2.5 ആയിരുന്നു. ജനുവരി നാല് മുതൽ ആറ് വരെ ഇത് നാലായി. ആർ വാല്യു ഒന്നിന് താഴെയെത്തിയാൽ മാത്രമെ രോഗവ്യാപനം അവസാനിച്ചുവെന്ന് കണക്കാക്കാൻ കഴിയൂ. കോവിഡ് നിയന്ത്രണങ്ങൾ നടപ്പാക്കിയാൽ ക്രമേണ ആർ മൂല്യം കുറഞ്ഞേക്കും.