ചെന്നൈ: ഫെബ്രുവരി ഒന്നിനും 15നും ഇടക്ക് കോവിഡ് മൂന്നാം തരംഗം രൂക്ഷമായേക്കുമെന്ന് മദ്രാസ് ഐ.ഐ.ടി പഠന റിപ്പോര്‍ട്ട്. പകര്‍ച്ച വ്യാപന സാധ്യത, സമ്പര്‍ക്ക പട്ടിക, രോഗം പകരാനുള്ള ഇടവേള എന്നിവയുടെ അടിസ്ഥാനത്തിലാണ് ആര് വാല്യു കണക്കാക്കുന്നത്.
ഐ.ഐ.ടി മാത്തമാറ്റിക്സ് വിഭാഗവും സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ കമ്ബ്യൂട്ടേഷനല് മാത്തമാറ്റിക്സ് ആന്‍ഡ് ഡേറ്റ സയന്‍സും ചേര്‍ന്ന് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നിഗമനം. കോവിഡ് ആര് വാല്യുവിന്റെ അടിസ്ഥാനത്തിലാണ് പഠനം.
രോഗബാധിതനായ ഒരാളില്‍നിന്ന് എത്രപേര്‍ക്ക് രോഗം പടരുമെന്നതാണ് ആര് മൂല്യം. പ്രാഥമിക വിശകലനത്തില്‍ ആര് മൂല്യം ഉയര്‍ന്ന നിലയിലാണ്. ഡിസംബര്‍ 25 മുതല്‍ 31വരെ ഇത് 2.5 ആയിരുന്നു. ജനുവരി നാല് മുതല്‍ ആറ് വരെ ഇത് നാലായി. ആര് വാല്യു ഒന്നിന് താഴെയെത്തിയാല്‍ മാത്രമെ രോഗവ്യാപനം അവസാനിച്ചുവെന്ന് കണക്കാക്കാന്‍ കഴിയൂ. കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കിയാല്‍ ക്രമേണ ആര് മൂല്യം കുറഞ്ഞേക്കും.