കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നിർണായക പോലീസ് യോഗം അൽപസമയത്തിനകം കൊച്ചിയിൽ ചേരും. എഡിജിപി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ പോലീസ് ക്ലബിലാണ് യോഗം ചേരുക. കേസിലെ എട്ടാം പ്രതി ദിലീപിനെതിരെ സുഹൃത്തും സംവിധായകനുമായി ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പുതിയ തെളിവുകളിലെ അന്വേഷണം വിലയിരുത്താനാണ് യോഗം.
തുടരന്വേഷണം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനുള്ള സർക്കാർ നിർദേശത്തെ തുടർന്നാണ് യോഗം. ക്രൈം ബ്രാഞ്ച് ഐജി എസ് ഫിലിപ്പ്, എസ് പിമാരായ കെ എസ് സുദർശനൻ, സോജൻ തുടങ്ങിവർ പങ്കെടുക്കും. അതേസമയം നടിയെ ആക്രമിച്ച കേസിൽ അന്വേഷണം പുതിയ വഴിയിലൂടെ നീങ്ങുകയാണ്. കൊച്ചിയിലെ ഒരു റിക്കോർഡിങ് സ്റ്റുഡിയോ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പുതിയ നീക്കം. സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പൾസർ സുനി നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ഈ സ്റ്റുഡിയോയിലെത്തിച്ച് ശബ്ദം കൂട്ടിയെന്നാണ് ബാലചന്ദ്രകുമാറിൻ്റെ മൊഴി. ഇതിനെ കുറിച്ച് വ്യക്തമാക്കുന്ന സംഭാഷണം സ്വന്തം ടാബിൽ റെക്കോർഡ് ചെയ്തത് ബാലചന്ദ്ര കുമാർ പോലീസിന് കൈമാറിയിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നീക്കം. രഹസ്യമൊഴിയിൽ പോലീസ് നിയമോപദേശം തേടി.
അതേസമയം നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പൾസർ സുനിയുടെ ജീവന് ജയിലിനുള്ളിൽ ഭീഷണിയുണ്ടെന്ന പരാതിയെ തുടർന്ന് സുനിലിൻ്റെ അമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം നിയമോപദേശം തേടി. നിയമോപദേശം ലഭിച്ച ശേഷം കോടതിയെ സമീപിക്കും. സുനി 2018ൽ അമ്മക്ക് എഴുതിയതെന്ന് പറയപ്പെടുന്ന കത്ത് പുറത്തുവന്നിരുന്നു. പൾസർ സുനിയുടെ മാതാവാണ് സുനിക്ക് ജയിലിനുള്ളിൽ ഭീഷണിയുണ്ടെന്ന് പരാതിപ്പെട്ടത്.