തിരുവനന്തപുരം: ധനുവച്ചപുരത്ത് പോലീസുകാരിയെയും കുടുംബത്തെയും ആക്രമിച്ചയാളെ പിടികൂടി. നെയ്യാറ്റിന്‍കര മഞ്ചുവിളാകം സ്വദേശി സതീഷിനെ നാട്ടുകാരാണ് പിടികൂടി പോലീസിന് കൈമാറിയത്. ഇന്നലെ രാത്രിയാണ് പോലീസ് ഉദ്യോഗസ്ഥയെയും കുടുംബത്തെയും ഗൂണ്ടാസംഘം ആക്രമിച്ചത്.
പത്തംഗ സംഘമാണ് ആക്രമണം നടത്തിയത്. മറ്റ് പ്രതികളെയും ഉടന്‍ പിടികൂടുമെന്ന് ധനുവച്ചപുരം പോലീസ് പറഞ്ഞു. ഇന്നലെ രാത്രി 10 മണിയോടെയാണ് ധനുവച്ചപ്പുരം സ്വദേശി ബിജുവിന്‍റെ വീട്ടില്‍ ആക്രമണം നടന്നത്. ആക്രമണത്തിൽ വനിതാ സിവിൽ പോലീസ് ഉദ്യോഗസ്ഥയ്ക്ക് ഉള്‍പ്പടെ പരിക്കേറ്റിരുന്നു. വീടുകയറിയുള്ള ഗുണ്ടാക്രമണത്തില്‍ ബിജുവിനും ഭാര്യ ഷിജിക്കും സാരമായ പരിക്കുകളുണ്ട്.
പാറാശാല സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥയായ ബിജുവിന്‍റെ സഹോദരി ഷീജിയും ആക്രമണ സമയത്ത് വീട്ടിലുണ്ടായിരുന്നു. ഇവര്‍ക്കും മര്‍ദ്ദനമേറ്റു. കഴിഞ്ഞ ദിവസം ഇവരുടെ വീടിന് സമീപത്തുള്ള വീട്ടില്‍ ഗുണ്ടാ സംഘം ആക്രമണം നടത്തിയിരുന്നു. ഈ വിവരം പോലീസിനോട് പറഞ്ഞുവെന്നാരോപിച്ചാണ് ഗുണ്ടാ സംഘം ബിജുവിനെയും കുടുംബത്തെയും ആക്രമിച്ചത്. പരിക്കേറ്റവര്‍ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.