കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് യുവതി തട്ടിക്കൊണ്ടുപോയശേഷം വീണ്ടെടുത്ത കുഞ്ഞിന് പേരിട്ടു. അജയ എന്നാണ് പേര് നൽകിയിരിക്കുന്നത്. പേര് നിർദേശിച്ചത് കുട്ടിയെ വീണ്ടെടുത്ത എസ്ഐ റനീഷാണ്. കുഞ്ഞിനെ ഇന്ന് ഡിസ്ചാർജ് ചെയ്യും. അതേസയമം, കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ നീതുവിനെ ഏറ്റുമാനൂർ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കോട്ടയത്തെ വനിതാ ജയിലിലാണ് നീതു ഉള്ളത്.
ആശുപത്രിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. മെഡിക്കൽ കോളജിന് സമീപത്തെ കടയിൽ നിന്നാണ് ഡോക്ടറുടെ കോട്ട് വാങ്ങിയത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ കടയിലും ഹോട്ടലിലും തെളിവെടുപ്പിനെത്തും. നീതുവിൻ്റെ കാമുകൻ ഇബ്രാംഹിം ബാദുഷയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതിയിലാണ് ഹാജരാക്കുക.
നീതുവിൻ്റെ പരാതിയിലാണ് ഇയാൾക്കെതിരെ കേസെടുത്തത്. വഞ്ചനാക്കുറ്റവും ഗാർഹിക-ബാലപീഡന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതേസമയം, കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മെഡിക്കൽ കോളജ് സുരക്ഷാ ജീവനക്കാരിയെ അധികൃതർ സസ്പെൻഡ് ചെയ്തു. സുരക്ഷ ഉറപ്പാക്കുന്നതിൽ ജാഗ്രതക്കുറവുണ്ടായതിനെ തുടർന്നാണ് ഡെപ്യൂട്ടി സൂപ്രണ്ട് സസ്പെൻഡ് ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് നടപടി.