തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. നെയ്യാറ്റിൻകര ധനുവച്ചപുരത്താണ് ഇരുപതോളം പേരടങ്ങുന്ന ഗുണ്ടാസംഘം കുടുംബത്തെ വീടുകയറി ആക്രമിച്ചത്. ആക്രമണത്തിൽ വനിതാ സിവിൽ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ഉള്‍പ്പടെ പരിക്കേറ്റു.
ധനുവച്ചപ്പുരം സ്വദേശി ബിജുവിൻെറ വീട്ടിലാണ് ആക്രമണം നടന്നത്. ബിജുവിനും ഭാര്യ ഷിജിക്കും മർദ്ദനമേറ്റു. ഈ സമയം വീട്ടിലുണ്ടായിരുന്ന പാറാശാല സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥയായ ബിജുവിന്‍റെ സഹോദരി ഷീജിക്കും മർദ്ദനമേറ്റു. ഇവരെ പാറശ്ശാല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഇതേ പ്രദേശത്ത് ഗൂണ്ടാ ആക്രമണം നടന്നിരുന്നു. നാല് പേരടങ്ങുന്ന സംഘം വീടുകളില്‍ കയറി ആയുധം കാണിച്ച് ഭീഷണി മുഴക്കുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷാനുവിന്റെ നേതൃത്വത്തിലാണ് അതിക്രമം നടത്തിയത്.
ഈ കേസില്‍ പ്രതികള്‍ ഒളിവില്‍ കഴിയുന്ന വിവരം പൊലീസിനെ അറിയിച്ചതാണ് ഇന്നത്തെ ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് നല്‍കുന്ന വിവരം.