കുതിരാൻ: ദേശീയപാതയിൽ കുതിരാൻ തുരങ്കത്തിൽ പാറ പൊട്ടിക്കുന്നതിനായി നടത്തിയ പരീക്ഷണ സ്‌ഫോടനം വിജയം. തൃശൂരിൽ നിന്നും കുതിരാൻ രണ്ടാം തുരങ്കത്തിലേക്ക് പ്രവേശിക്കുന്നതിനായുള്ള റോഡ് നിർമാണത്തിന് പറ പൊട്ടിക്കുന്നതിന് മുന്നോടിയായാണ് പരീക്ഷണ സ്‌ഫോടനം നടത്തിയത്.
കുതിരാന്‍ തുരങ്കത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിര്‍ത്തിവെച്ച ശേഷമായിരുന്നു സ്ഫോടനം. വെള്ളിയാഴ്‌ച പകൽ 2.44 നായിരുന്നു ആദ്യ സ്‌ഫോടനം. കുതിരാനിൽ രണ്ടാം തുരങ്കമുഖത്തിനടുത്ത് നിലവിലുള്ള റോഡിനോട് ചേർന്ന പാറക്കെട്ടുകളിലായിരുന്നു ആദ്യ സ്‌ഫോടനം. ഇതിനു മുന്നോടിയായി പൊതുജനങ്ങൾക്ക് മുന്നറിയിപ്പായി പകൽ 2.42ന് ആദ്യ സൈറൻ മുഴക്കി. 2.44ന് ആദ്യ സ്‌ഫോടനം നടത്തി. സെക്കന്റുകൾ വ്യത്യസത്തിൽ അടുത്ത സ്‌ഫോടനവും നടന്നു. പിന്നീട് പഴയ റോഡിന്റെ വലതു വശത്തായും സ്‌ഫോടനം നടത്തി. 3.22ന് ആദ്യ സൈറൻ മുഴങ്ങി 3.28ന് രണ്ടാമത്തെ സൈറനും 3.30ന് സ്‌ഫോടനം നടന്നു. സ്‌ഫോടനത്തിനു ശേഷം മൂന്നാമത്തെ അലാറവും മുഴങ്ങി.
ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സ്‌ഫോടനം നടക്കുന്ന സമയത്ത് വഴുക്കുംപാറ മുതൽ തുരങ്കത്തിന്റെ എതിർശം വരെയുള്ള ഭാഗത്ത് സമ്പൂർണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സുരക്ഷാ ക്രമീകരണങ്ങളും മുന്നറിയിപ്പ് സംവിധാനങ്ങളും ഒരുക്കി. റവന്യൂ മന്ത്രി കെ രാജൻ, ടി എൻ പ്രതാപൻ എം പി, കലക്‌ടർ ഹരിത വി കുമാർ, കമീഷണർ ആർ ആദിത്യ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.
രണ്ടാമത്തെ തുരങ്കത്തിന്റെ തൃശൂരില്‍ നിന്നും പ്രവേശിക്കുന്ന വശത്തുള്ള പഴയ റോഡിന്റെ ഇരുവശങ്ങളിലായാണ് പാറ പൊട്ടിക്കുന്നതിനുള്ള പരീക്ഷണ സ്ഫോടനങ്ങള്‍ നടന്നത്. ആദ്യത്തെ ഇടത്തില്‍ രണ്ടു തവണയും രണ്ടാമത്തെ സ്ഥലത്ത് ഒരു തവണയും സ്ഫോടനങ്ങള്‍ നടത്തി. റിമോര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് ഉപകരണം ഉപയോഗിച്ചായിരുന്നു സ്ഫോടനങ്ങള്‍.
ടയറുകള്‍ കൂട്ടിയിട്ട് പാറക്കഷ്ണങ്ങള്‍ തെറിക്കാതെയും ശബ്ദവും പ്രകമ്പനവും കുറച്ചുമായിരുന്നു സ്ഫോടനങ്ങള്‍. ഈ രീതിയില്‍ ഒരു ദിവസം മൂന്ന് സ്ഫോടനങ്ങള്‍ നടത്തിയാല്‍ 40 ദിവസം കൊണ്ട് പാറപൊട്ടിക്കല്‍ പൂര്‍ത്തിയാക്കാനാകുമെന്ന് അധികൃതര്‍ അറിയിച്ചതായി മന്ത്രി പറഞ്ഞു. എന്നാല്‍ ആദ്യ ആഴ്ചയില്‍ ദിവസവും രണ്ട് സ്ഫോടനങ്ങള്‍ക്ക് മാത്രമാണ് അനുമതി നല്‍കുക. തുടര്‍ന്ന് സുരക്ഷ പരിശോധിച്ച ശേഷം മൂന്നെണ്ണമാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രാവിലെ ആറ് മുതല്‍ ഏഴ് വരെയുള്ള സമയത്തിനുള്ളിലും ഉച്ചയ്ക്ക് 12നും ഒരു മണിയ്ക്കും ഇടയിലുമാണ് സ്ഫോടനം നടത്താന്‍ അനുമതി നല്‍കിയത്.