പാലക്കാട്: കൈക്കൂലി വാങ്ങിയ കേസിൽ കോങ്ങാട് വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരായ മനോജ്, പ്രസന്നൻ എന്നിവരെ സസ്പെൻഡ് ചെയ്തു. ജില്ലാ കളക്ടറുടേതാണ് നടപടി.
50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കഴിഞ്ഞ ദിവസം ഇവരെ വിജിലൻസ് പിടികൂടിയിരുന്നു. ചെല്ലിക്കൽ സ്വദേശി കുമാരൻ കൈവശമുള്ള 16 സെന്റ് ഭൂമിയുടെ പട്ടയത്തിന് അപേക്ഷിച്ചപ്പോൾ സ്ഥലപരിശോധന നടത്തി റിപ്പോർട്ട് നൽകുന്നതിനായി മനോജും പ്രസന്നനും ഒരു ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പിന്നീടിത് 50,000 രൂപയാക്കി കുറച്ചു.
5000 രൂപ രണ്ടുതവണയായി നല്‍കുകയും ചെയ്തു. ഇതിനുശേഷം കുമാരന് വിജിലന്‍സിനെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. പാലക്കാട് വിജിലന്‍സ് ഡിവൈഎസ്പി ഷംസുദ്ദീന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളുടെ വീടുകളിലും വിജിലന്‍സ് പരിശോധന നടത്തി.