ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ നിന്നും നവജാത ശിശുവിനെ തട്ടികൊണ്ടു പോയ കേസിൽ പിടിയിലായ നിതുവിനെ കോടതി റിമാൻഡ് ചെയ്തു. ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. നീതുവിനെ 14 ദിവസം ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു.
നവജാത ശിശുവിനെ നീതു തട്ടിയെടുത്തത് കാമുകനെ ബ്ലാക്ക്‌മെയിൽ ചെയ്യാനെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തട്ടിയെടുത്ത കുഞ്ഞ് കാമുകന്റെ ആണെന്ന് ചിത്രീകരിക്കാനായിരുന്നു നീക്കം എന്നും പൊലീസ് പറയുന്നു.
ഒരു വർഷമായി നീതുവും കാമുകനും ഒരുമിച്ചായിരുന്നു താമസം. ഇതിനിടെ നീതു ഗർഭിണിയായി. എന്നാൽ മാസങ്ങൾക്ക് മുൻപു ഗർഭം അലസി. ഈ വിവരം ഇബ്രാഹിമിൽനിന്ന് മറച്ചുവച്ചു. കുഞ്ഞെവിടെയെന്ന് ചോദ്യങ്ങൾ ഉയർന്നതോടെയായിരുന്നു മോഷ്ടിക്കാനുള്ള തീരുമാനം. ഇബ്രാഹിം മറ്റൊരു വിവാഹത്തിന് തയാറായതും കൃത്യത്തിന് പ്രേരിപ്പിച്ചു.
കോട്ടയം മെഡിക്കൽ കോളജിൽ ഇന്നലെയാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഡോക്ടറുടെ വേഷത്തിലെത്തിയാണ് നീതു കുഞ്ഞിനെ കടത്തിക്കൊണ്ടുപോയത്. പൊലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിൽ ഒരു മണിക്കൂറിനുള്ളിൽ കുഞ്ഞിനെ ഹോട്ടലിൽ നിന്ന് കണ്ടെത്തുകയായിരുന്നു. കൊച്ചിയിലേക്ക് കടക്കാനായി നീതു ടാക്‌സി വിളിച്ചിരുന്നു. ഇതനുസരിച്ച് ഹോട്ടലിൽ എത്തിയ ഡ്രൈവറുടെ ഇടപെടൽ വഴിയാണ് കുഞ്ഞിനെ തിരിച്ചുകിട്ടിയത്.