കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ചുരുളി’ എന്ന സിനിമയുടെ പ്രദര്‍ശനത്തിലൂടെ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനം നടന്നിട്ടുണ്ടോ എന്നറിയിക്കാന്‍ ഹൈക്കോടതി ഡിജിപിയ്ക്ക് നിര്‍ദേശം നല്‍കി. കേസില്‍ ഡിജിപിയെ കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു. സിനിമ സ്ട്രീം ചെയ്യുന്നതില്‍ ക്രിമിനല്‍ കുറ്റമോ നിലവിലുള്ള ഏതെങ്കിലും നിയമത്തിൻ്റെ ലംഘനമോ ഉണ്ടോയെന്നു പരിശോധിക്കാനാണ് നിര്‍ദേശം.
ചുരുളിയില്‍ അശ്ലീലമുണ്ടെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ഇങ്ങനെയൊക്കെ പരാതി ഉയര്‍ന്നാല്‍ ഒരാള്‍ക്കും സിനിമയ്ക്കു തിരക്കഥ എഴുതാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. വാസവദത്ത എഴുതിയതിൻ്റെ പേരില്‍ രചയിതാവിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യം ഉയരാം. പ്രസിദ്ധരായ പല എഴുത്തുകാര്‍ക്കും കവികള്‍ക്കും എതിരെ സമാനമായ പരാതി ഉന്നയിക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി.
ചുരുളി പൊതു ധാര്‍മ്മികതയ്ക്ക് നിരക്കാത്തതാണെന്നും ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവ്വില്‍ നിന്നും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിനിയായ അഭിഭാഷക ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. സിനിമ സമൂഹത്തെ സ്വാധീനിക്കുന്ന കലാരൂപമാണെന്നും ചിത്രത്തിലെ സംഭാഷണങ്ങള്‍ സ്ത്രീകളുടേയും കുട്ടികളുടേയും അന്തസ്സ് കളങ്കപ്പെടുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഈ ഹര്‍ജി പരിഗണിക്കവെ സിനിമ പ്രഥമദൃഷ്ട്യാ നിയമലംഘനം നടത്തുന്നതായി തോന്നുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. സിനിമ ചലച്ചിത്രകാരൻ്റെ സൃഷ്ടിയാണ്. കലാകാരൻ്റെ സ്വാതന്ത്ര്യമെന്നാല്‍ സങ്കല്‍പ്പിക്കാനും സൃഷ്ടിക്കാനും പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമാണ്. ചുരുളി ഒടിടി പ്ലാറ്റ്‌ഫോമിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ആവശ്യമുള്ളവര്‍ക്ക് പണം കൊടുത്തു കാണാം. ഒരാളും അതു കാണാന്‍ നിര്‍ബന്ധിക്കുന്നില്ല. നിര്‍ബന്ധപൂര്‍വം ഒരാളെ കാണിയാക്കി മാറ്റുന്ന ഒന്നല്ല ഒടിടി പ്ലാറ്റ്‌ഫോമുകള്‍- കോടതി പറഞ്ഞു.
വള്ളുവനാടന്‍ ഭാഷ മാത്രമേ സിനിമയില്‍ പറ്റൂ എന്നൊന്നും നിര്‍ദേശിക്കാന്‍ കോടതിക്കാവില്ല. കണ്ണൂര്‍ ഭാഷ വേണം, തിരുവനന്തപുരം ഭാഷ വേണം എന്നൊന്നും പറയാനാവില്ല. ഗ്രാമത്തിലെ ജനങ്ങള്‍ ആ ഭാഷയായിരിക്കാം ഉപയോഗിക്കുന്നത്. സിനിമയുടെ പ്രദര്‍ശനം നിലവിലുള്ള ഏതെങ്കിലും നിയമത്തെ ലംഘിക്കുന്നുണ്ടോയെന്നേ കോടതിക്കു പരിശോധിക്കാനാവൂ. അതു പരിശോധിക്കുമ്പോള്‍ തന്നെ കലാകാരൻ്റെ സ്വാതന്ത്ര്യവും പരിഗണിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.
നിലവില്‍ അത്തരം കണ്ടെത്തലുകള്‍ ഉണ്ടായിട്ടില്ലെന്നും ഹൈക്കോടതി വിലയിരുത്തി. ക്രിമിനല്‍ കുറ്റമോ നിയമ ലംഘനമോ ഉണ്ടോയെന്നു പരിശോധിക്കാന്‍ പൊലീസ് മേധാവി സമിതി രൂപീകരിക്കട്ടെ. സമിതി സിനിമ കണ്ട് പോലീസ് മേധാവിക്കു റിപ്പോര്‍ട്ട് നല്‍കണം. അതിൻ്റെ അടിസ്ഥാനത്തില്‍ പോലീസ് മേധാവി പ്രസ്താവന സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കുന്നത് വഴി സെന്‍സര്‍ ബോര്‍ഡ് ക്രിമിനല്‍ നടപടിക്രമം ലംഘിക്കുകയായിരുന്നുവെന്നാണ് ഹര്‍ജിക്കാര്‍ ആരോപിച്ചത്.