കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത ശേഷം യുവതി ഹോട്ടലിലേക്ക് മടങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. വൈകിട്ട് 3.23 ന് നീതു കുട്ടിയുമായി ഹോട്ടലിലേക്ക് മടങ്ങിയെത്തുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. നീതുവിനൊപ്പം മകനുമുള്ളതായി ദൃശ്യങ്ങളിൽ കാണാം. നഴ്സിങ് കോട്ട് കൈകളിൽ സൂക്ഷിച്ചിരിക്കുന്നതായും ദൃശ്യങ്ങളിൽ കാണാം. ഈ മാസം നാലിന് വൈകിട്ട് 6.30നാണ് നീതു ഹോട്ടലില്‍ മുറിയെടുത്തത്.
ഇന്നലെ കുട്ടിയെ തട്ടികൊണ്ട് പോയതിന് ശേഷം ഇവർ ഹോട്ടലിലേക്ക് പോയിരുന്നുവെന്ന് പോലീസ് പറഞ്ഞിരുന്നു. ഇത് തെളിയിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. ഹോട്ടലിൽ മുറിയെടുത്തതിന് ശേഷം ഇവർ നിരന്തരം ആശുപത്രിയിൽ പോയിരുന്നു. ഹോട്ടൽ ജീവനക്കാരുടെ ഉൾപ്പെടെ ഇടപെടലിലാണ് ഇവരെ കണ്ടെത്താൻ കഴിഞ്ഞത്.
ഇതിനിടെ കുഞ്ഞിനെ തട്ടികൊണ്ടുപോയ കേസിൽ കാമുകന് പങ്കില്ലെന്ന് കോട്ടയെ എസ് പി ഡി ശിൽപ അറിയിച്ചു. നീതു തനിച്ചാണ് കൃത്യം നടത്തിയത്. കാമുകൻ ഇബ്രാഹിം ബാദുഷയുമൊത്തുള്ള ബന്ധം തുടരുകയായിരുന്നു നീതുവിൻ്റെ ലക്ഷ്യം. കളമശേരിയിലെ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിൽ ജോലി ചെയുന്ന വ്യക്തിയാണ് നീതു. രണ്ടു വർഷമായി ഇവർ ഇബ്രാഹിം ബാദുഷയുമായി പ്രണയത്തിലായിരുന്നു. ഇതിനിടെ കാമുകൻ മറ്റൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെ താൻ പ്രസവിച്ച കുഞ്ഞെന്ന വ്യാജേനെ തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കാണിച്ച് ഇബ്രാഹിം ബാദുഷയുമായുള്ള ബന്ധം തുടരുകയായിരുന്നു നീതുവിൻ്റെ ലക്ഷ്യമെന്ന് പോലീസ് പറയുന്നു.