റിയാദ്: കേളി കലാസാംസ്കാരികവേദിയുടെ 21ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ബത്ഹ ഏരിയയിലെ ശുമൈസി യൂനിറ്റും അല്‍ അബീര്‍ മെഡിക്കല്‍ സെന്റര്‍ ശുമേസി ബ്രാഞ്ചും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.കോവിഡ് കാരണം രണ്ടു വര്‍ഷത്തോളമായി ഒരു വിധ മെഡിക്കല്‍ പരിശോധനയും നടത്താന്‍ സാധിക്കാതിരുന്ന പ്രവാസികള്‍ക്ക് സൗജന്യ ക്യാമ്പ് വലിയ ആശ്വാസമായി.
ശുമൈസി അല്‍ അബീര്‍ മെഡിക്കല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ കേളി ശുമൈസി യൂനിറ്റ് വൈസ് പ്രസിഡന്റ് ഹരീഷ്കുമാര്‍ അധ്യക്ഷത വഹിച്ചു.പ്രവാസികളുടെ ജീവിതശൈലീരോഗങ്ങള്‍ കണ്ടെത്താനും പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും വേണ്ടിയുള്ള ക്യാമ്പില്‍ കേളി അംഗങ്ങളും വിവിധ രാജ്യക്കാരായ നിരവധി പ്രവാസികളും പങ്കെടുത്തു.
അബീര്‍ മെഡിക്കല്‍ സെന്റര്‍ ഡെന്റല്‍ സര്ജന് ഡോ. ഹുസ്ന താരിക് ക്യാമ്ബ് ഉദ്ഘാടനം ചെയ്തു. കേളി പ്രസിഡന്റ് ചന്ദ്രന് തെരുവത്ത്, വൈസ് പ്രസിഡന്റ് സുരേന്ദ്രന് കൂട്ടായി, ബത്ഹ ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ രജീഷ് പിണറായി, കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി വൈസ് ചെയര്മാന് സെന്‍ ആന്റണി, ബത്ഹ ഏരിയ സെക്രട്ടറി പ്രഭാകരന്, പ്രസിഡന്റ് രാമകൃഷ്ണന്, ട്രഷറര്‍ രാജേഷ് ചാലിയാര്‍, കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗം ഷൈനി അനില്‍ എന്നിവര്‍ സംസാരിച്ചു.
ഡോ. ഷാഫി (ജനറല്‍ ഫിസിഷ്യന്‍), ജോസ് പീറ്റര്‍ (ഓപറേഷന് മാനേജര്‍), ജോബി (മാര്‍ക്കറ്റിങ് മാനേജര്‍), ആരോഗ്യപ്രവര്‍ത്തകരായ ജോബി, രമ്യ, ജീന, ആന്‍സി, ഫഹദ്, ജംഷാദ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. യൂനിറ്റ് സെക്രട്ടറി സലീം മടവൂര്‍ സ്വാഗതവും ഏരിയ ജോയന്റ് ട്രഷറര്‍ വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു.