ചെന്നൈ: തമിഴ്‌നാട്ടിലെ ചെങ്കല്‍പെട്ടില്‍ രണ്ട് കൊലക്കേസ് പ്രതികളെ പോലീസ് വെടിവച്ചുകൊന്നു. അറസ്റ്റിനു ശ്രമിക്കുമ്പോള്‍ പോലീസിന് നേരെ ബോംബെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്പുണ്ടായത്. നിരവധി ഗുണ്ടാകേസുകളില്‍ പ്രതികളായ ദിനേശ്, മൊയ്തീന്‍ എന്നിവരാണ് മരിച്ചത്.
ഇന്നു പുലര്‍ച്ചെയാണ് സംഭവം. ഇരട്ടക്കൊലക്കേസ് പ്രതികളെ പിടികൂടാന്‍ എത്തിയപ്പോള്‍ ഇവര്‍ നാടന്‍ ബോംബ് എറിഞ്ഞു രക്ഷപ്പെടാന്‍ ശ്രമിച്ചതായി പോലീസ് പറയുന്നു. ചെങ്കല്‍പ്പേട്ട് തിരുപുലൈവനം കാട്ടിനു സമീപമാണ് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ചെങ്കല്‍പെട്ട് പ്രദേശത്ത് ആട് മോഷ്ടാക്കളുടെ കുത്തേറ്റ് ഒരു പോലീസുകാരന്‍ നേരത്തേ കൊല്ലപ്പെട്ടിരുന്നു. അതിനു ശേഷമാണ് നൈറ്റ് പട്രോളിങ്ങിനു പോകുന്ന പോലീസിന് തോക്ക് നല്‍കി തുടങ്ങിയത്. ആവശ്യമെങ്കില്‍ തോക്ക് ഉപയോഗിക്കാനും ഡിജിപി നിര്‍ദേശം നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം ചെങ്കല്‍പെട്ടില്‍ രണ്ട് യുവാക്കളെ വെട്ടിക്കൊന്നിരുന്നു. കാര്‍ത്തിക്, ദിനേശ് എന്നിവരാണ് മരിച്ചത്. ഒരാളെ പോലീസ് സ്റ്റേഷന്‍ പരിസരത്തുവെച്ചും മറ്റൊരാളെ വീട്ടില്‍ കുടുംബത്തിനു മുന്നിലിട്ടുമാണ് ഒരു സംഘം വെട്ടിക്കൊന്നത്. ഈ കേസിലെ പ്രതികളാണ് പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്.