കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽനിന്ന് നവജാത ശിശുവിനെ കടത്തിയ നീതു ഇബ്രാഹിമിനെ പരിചയപ്പെട്ടത് ടിക് ടോക്കിലൂടെ. വിവാഹമോചിതയെന്നാണ് നീതു പറഞ്ഞിരുന്നത്. ഇബ്രാഹിമിന്‍റെ വീട്ടുകാര്‍ക്കും നീതുവിനെ അറിയാം. നീതു ഗര്‍ഭിണിയായ വിവരം ഇബ്രാഹിമും ഭര്‍ത്താവും അറിഞ്ഞിരുന്നു. ഗര്‍ഭം അലസിയത് ഭര്‍ത്താവിനെ അറിയിച്ചെങ്കിലും ഇബ്രാഹിമിനെ അറിയിച്ചില്ല. ഇബ്രാഹീം ബന്ധത്തില്‍നിന്ന് പിന്‍മാറുമെന്ന് നീതു ഭയപ്പെട്ടിരുന്നുവെന്നും ഇതാണ് കുഞ്ഞിനെ തട്ടിയെടുക്കുന്നതടക്കമുള്ള കാര്യങ്ങൾക്ക് വഴിവച്ചതെന്നുമാണ് റിപ്പോർട്ടുകൾ.
2011ലാണ് തിരുവല്ല കുറ്റൂരിലേക്ക് നീതുവിനെ വിവാഹം ചെയ്ത് കൊണ്ടുവരുന്നത്. നീതു ചെങ്ങന്നൂർ തിരുവൻമണ്ടൂർ സ്വദേശിനിയായിരുന്നു. വിവാഹത്തിനു ശേഷം ഇവർ ഏറെക്കാലം എറണാകുളത്തായിരുന്നു. പ്രീസ്കൂളുകൾ അടക്കം വിവിധ ഇടങ്ങളിൽ ഇവർ ജോലി ചെയ്തിരുന്നു. രണ്ടാഴ്ച മുൻപാണ് നീതുവിൻ്റെ ഭർത്താവ് നാട്ടിലെത്തി മടങ്ങിയത്. വിദേശത്ത് ഖനിയിലാണ് ഇദ്ദേഹത്തിൻ്റെ ജോലി. ഇവരുടെ സാമ്പത്തിക, സാമൂഹിക പശ്ചാത്തലങ്ങളൊക്കെ മെച്ചപ്പെട്ടതാണ്.
അതുകൊണ്ട് തന്നെ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ നീതു ശ്രമിച്ചെന്നത് നാട്ടുകാർക്ക് ഞെട്ടലായി. നീതുവിൻ്റെ ഭർതൃവീട്ടിൽ അച്ഛനും അമ്മയുമാണുള്ളത്. അവർ ഇപ്പോൾ അവിടെനിന്ന് മാറിയിട്ടുണ്ട്. കുഞ്ഞിനെ കടത്തിക്കൊണ്ടുപോയത് ബ്ലാക്ക്മെയിലിംഗിനെന്ന് പ്രതി നീതു അറിയിച്ചിരുന്നു. സുഹൃത്തിനെ ഭീഷണിപ്പെടുത്താനാണ് നവജാത ശിശുവിനെ തട്ടിയെടുത്തെന്ന് നീതു പറഞ്ഞു. ബാദുഷ വിവാഹ വാഗ്ദാനം നൽകി നീതുവിനെ വഞ്ചിച്ചു, മറ്റൊരു വിവാഹത്തിന് ശ്രമിച്ചു. തട്ടിയെടുത്ത കുഞ്ഞ് ഇബ്രാഹിൻ്റെ കുഞ്ഞാണെന്ന് വരുത്താൻ ആയിരുന്നു നീതുവിൻ്റെ ശ്രമമെന്ന് പോലീസ് പറഞ്ഞു.
നീതുവിൽ നിന്ന് 30 ലക്ഷം രൂപയും സ്വർണ്ണവും ഇബ്രാഹിം വാങ്ങിയിരുന്നു. ഇത് തിരികെ വാങ്ങാൻ ആയിരുന്നു പദ്ധതി. ഇബ്രാഹിം ബാദുഷയുടെ സ്ഥാപനത്തിലായിരുന്നു നീതു ജോലിചെയ്തിരുന്നത്. പിന്നീട് ഇവർ രണ്ടുപേരും ചേർന്ന് മറ്റൊരു സ്ഥാപനം തുടങ്ങിയിരുന്നു.ഈ സമയത്താണ് കാമുകൻ പണം തട്ടിയത്. പ്രതിയായ നീതു കുഞ്ഞിനെ ഒറ്റയ്ക്ക് തട്ടിയെടുത്തതാണെന്ന് കോട്ടയം എസ് പി ഡി ശിൽപ വ്യക്തമാക്കിയിരുന്നു. പിന്നിൽ മറ്റു റാക്കറ്റുകളോ ഒന്നും തന്നെയില്ല.
തട്ടിക്കൊണ്ടു പോയ കുഞ്ഞുമായോ അവരുടെ കുടുംബാംഗങ്ങളുമായോ യുവതിക്ക് യാതൊരു ബന്ധവുമില്ലെന്നും എസ് പി കൂട്ടിച്ചേർത്തു. പ്രതിയായ നീതുവിനെ പോലീസ് ഇന്ന് ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കും. മഞ്ഞ നിറം പരിശോധിച്ചിട്ട് തിരികെ നൽകാമെന്ന വ്യാജേനയാണ് നീതു കുഞ്ഞിനെ കൊണ്ടുപോയതെന്ന് കുഞ്ഞിൻ്റെ അമ്മ പറഞ്ഞു. ഡോക്ടർ എന്ന വ്യാജേനയാണ് തന്നെ അവർ സമീപിച്ചതെന്നും അമ്മ പ്രതികരിച്ചു.