കോട്ടയം: മെഡിക്കൽ കോളേജിൽ നിന്ന് കുഞ്ഞിനെ തട്ടികൊണ്ട് പോയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്.കുഞ്ഞിനെ തട്ടികൊണ്ട് പോയത് വ്യക്തിപരമായ ആവശ്യങ്ങൾക്കാണെന്ന് പ്രതി നീതു വെളിപ്പെടുത്തി.കാമുകനെ ബ്ലാക്ക്‌മെയിൽ ചെയ്യാനാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്ന് നീതു പറഞ്ഞു.കേസിൽ കസ്റ്റഡിയിലായ ഇബ്രാഹിം ബാദുഷ നീതുവിന്റെ കാമുകൻ ആണ്. തന്റെ സ്വര്‍ണവും പണവും കൈക്കലാക്കിയ ശേഷം ഇബ്രാഹിം വേറെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്ന് നീതു പറഞ്ഞു.
നീതുവിൽ നിന്ന് 30 ലക്ഷം രൂപയും സ്വർണവും ഇബ്രാഹിം വാങ്ങിയിരുന്നു. ഇത് തിരികെ വാങ്ങാൻ ആയിരുന്നു പദ്ധതി. തട്ടിയെടുത്ത കുഞ്ഞ് ഇബ്രാഹിന്റെ കുഞ്ഞാണെന്ന് വരുത്താൻ ആയിരുന്നു ശ്രമം. കുട്ടിയെ കാട്ടി വിവാഹം മുടക്കി പണവും സ്വര്‍ണവും വീണ്ടെടുക്കുകയായിരുന്നു ലക്ഷ്യമെന്നും നീതു പോലീസിനോട് പറഞ്ഞു.
ബ്ലാക്ക്‌മെയിൽ ചെയ്യാൻ കുഞ്ഞിനെ വേണ്ടി വന്നതോടെ പലരോടും താൻ വിലപേശിയെന്നു നീതു വെളിപ്പെടുത്തി.എന്നാൽ കുട്ടിയെ ലഭിച്ചില്ല. ഇതേ തുടർന്നാണ് കുട്ടിയെ മോഷ്ടിക്കാൻ തീരുമാനം എടുത്തത് .ജനുവരി നാലിനാണ് മെഡിക്കൽ കോളേജ് ആശുപത്രിയ്‌ക്കു സമീപത്തെ ഫ്‌ളോറൽ പാർക്ക് ഹോട്ടലിൽ നീതു എത്തിയത്. മൂത്ത കുട്ടിയ്‌ക്കൊപ്പം ഈ ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയും ചെയ്തു.
തുടർന്ന് ഗൈനക്കോളജി വാർഡിലേയ്‌ക്കു തനിയെ പോയി കുട്ടിയെ മോഷ്ടിക്കാൻ പദ്ധതിയിട്ടു. ഇതിനായി മെഡിക്കൽ കോളേജ് ആശുപത്രിയ്‌ക്കു സമീപത്തെ മെഡിക്കൽ സ്റ്റോറിൽ നിന്നും നഴ്സിന്റെ ഗൗൺ വാങ്ങി. ഈ ഗൗൺ ധരിച്ച് നഴ്സിങ് അസിസ്റ്റന്റ് എന്ന പേരിലാണ് ഇവർ ഗൈനക്കോളജി വാർഡിൽ കയറിയത്. വാർഡിൽ നിന്നും കുട്ടിയെയും തട്ടിയെടുത്ത് രക്ഷപ്പെടാനായിരുന്നു പദ്ധതി. നഴ്സിങ് അസിസ്റ്റന്റ് എന്ന പേരിൽ ഗൈനക്കോളജി വാർഡിൽ കയറിയ ഇവർ കുഞ്ഞിന്റെ മാതാപിതാക്കളെ സമീപിച്ചു.
കുട്ടിയുടെ മഞ്ഞനിറം മാറിയില്ലെന്നും കുട്ടിയ്‌ക്കു പാൽ നൽകിയ ശേഷം കുട്ടിയെ തരണമെന്നും ആവശ്യപ്പെട്ടു. ഇത് അനുസരിച്ചു കുട്ടിയെ നഴ്സിനു കൈമാറുകയായിരുന്നു. അരമണിക്കൂറിനു ശേഷവും കുട്ടിയെ കാണാതെ വന്നതോടെയാണ് ഇവർ പോലീസിൽ പരാതി നൽകിയത്.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.പ്രാഥമിക അന്വേഷണത്തില്‍ നീതു മുമ്പ് ഏതെങ്കിലും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.