ന്യൂഡൽഹി: നീറ്റ് പിജി പ്രവേശനത്തിന് ഏർപ്പെടുത്തിയ സംവരണത്തിന്റെ മാനദണ്ഡങ്ങൾക്കെതിരേ നൽകിയ ഹർജികളിൽ സുപ്രീംകോടതി ഇന്നു വിധി പറയും. ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എ.എസ്. ബൊപ്പണ്ണ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് കേസിൽ കഴിഞ്ഞദിവസം വാദം കേട്ടത്. കേസിന്റെ വാദം വ്യാഴാഴ്ച നാല് കഴിഞ്ഞു നീളുകയായിരുന്നു. കേസിൽ കക്ഷി ചേരാൻ ഫെഡറേഷൻ ഓഫ് റെസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷനെ അനുവദിച്ചിട്ടുണ്ട്.
കോവിഡ് പ്രതിസന്ധിക്കാലത്ത് നീറ്റ് പിജി പരീക്ഷ നടപടിക്രമങ്ങൾ വൈകുന്നതുമൂലം പിജി ഡോക്ടർമാരുടെ വിലപ്പെട്ട സേവനം ലഭിക്കാതെ പോകുകയാണെന്നാണ് അസോസിയേഷന്റെ അഭിഭാഷക അർച്ചന പഥക് ദവേ വാദിച്ചത്. എല്ലാ വർഷവും നീറ്റ് പിജി പ്രവേശനം നേടി 45,000ലധികം പിജി ഡോക്ടർമാർ എത്തുന്നതാണ്. എന്നാൽ, അനിവാര്യമായ ഈ വർഷം അതു മുടങ്ങുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.
എല്ലാ സർക്കാർ മെഡിക്കൽ കോളജുകളിലും സീറ്റുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. അതിനാൽ സാന്പത്തിക സംവരണത്തിലൂടെ പ്രവേശനം ലഭിക്കുന്നവരെക്കൂടി ഉൾക്കൊള്ളാൻ കഴിയുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. അതിനാൽ തന്നെ ഇതു ജനറൽ വിഭാഗത്തിൽ പ്രവേശനം നേടിയവരെ പ്രതികൂലമായി ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.