കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. എ.ഡി.ജി.പി ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ് കേസ് അന്വേഷിക്കുക. നിലവിലെ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ ബൈജു പൗലോസും സംഘത്തിലുണ്ട്.
ക്രൈം ബ്രാഞ്ച് ഐ.ജി കെ.പി ഫിലിപ്പും സംഘത്തിന്‍റെ ഭാഗമാണ്. അന്നത്തെ പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്ന ക്രൈം ബ്രാഞ്ച് എസ്പിമാരായ കെ.എസ് സുദര്‍ശന്‍ എം.ജെ സോജന്‍ എന്നിവര്‍ പുതിയ സംഘത്തിലുമുണ്ട്. നെടുമ്പാശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എം ബൈജുവിനേയും ഉള്‍പ്പെടുത്തിയാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ഉത്തരവിറക്കിയിരിക്കുന്നത്.
കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതി ഇന്ന് അനുമതി നല്‍കിയിരുന്നു. പൊലീസ് ആവശ്യം എറണാകുളം സി.ജെ.എം കോടതിയാണ് അംഗീകരിച്ചത്.
കേസിലെ പുതിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് തെളിവുകള്‍ ശേഖരിക്കാനുണ്ട്. ഇതിനായാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചത്. ബാലചന്ദ്രകുമാര്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ കൂടുതല്‍ അന്വേഷണവും തെളിവെടുപ്പും നടത്തേണ്ടതുണ്ട്.