തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഏപ്രില്‍ ഒന്നുമുതല്‍ ഐ എല്‍ ജി എം എസ് സേവനം ഉറപ്പുവരുത്തുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഐ എല്‍ ജി എം എസ് സംവിധാനത്തിന്റെ വേഗത സംബന്ധിച്ച് ചില ഭാഗങ്ങളില്‍ നിന്നും ഉയരുന്ന പരാതികള്‍ കൂടി പരിഹരിച്ച്, സമയബന്ധിതമായി സേവനങ്ങളെല്ലാം ലഭ്യമാക്കുന്ന നിലയിലാണ് പഞ്ചായത്തുകളില്‍ സോഫ്‌റ്റ്വെയര്‍ സേവനം ലഭ്യമാക്കുകയെന്ന് മന്ത്രി പറഞ്ഞു.
2020 സപ്തംബറില്‍ 153 പഞ്ചായത്തുകളിലും 2021 സപ്തംബറില്‍ 156 പഞ്ചായത്തുകളിലും ഐ എല്‍ ജി എം എസ് പ്രവര്‍ത്തന സജ്ജമാക്കിയിരുന്നു. ബാക്കിയുള്ള 632 ഗ്രാമ പഞ്ചായത്തുകളിലാണ് ഏപ്രില്‍ ഒന്നുമുതല്‍ സജ്ജമാക്കുന്നത്. ഐ എല്‍ ജി എം എസിന്റെ പ്രവര്‍ത്തനത്തില്‍ പീക്ക് സമയങ്ങളില്‍ വേഗത കുറവുണ്ടാകുന്നത് സെന്റര്‍ സര്‍വ്വറിന്റെ പോരായ്മ നിമിത്തമാണെന്ന് മനസ്സിലാക്കി സി ഡിറ്റിന്റെ നിയന്ത്രണത്തിലുള്ള ക്ലൗഡ് സര്‍വ്വീസ് ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.