പാലക്കാട്: സ്ത്രീകളെ കാണിച്ച് വിവാഹതട്ടിപ്പ് നടത്തിയ അഞ്ച് പേർ പിടിയിൽ. തൃശൂർ വാണിയമ്പാറ പൊട്ടിമട പുല്ലംപാടം വീട്ടിൽ എൻ സുനിൽ, പാലക്കാട് കേരളശ്ശേരി മണ്ണാൻ പറമ്പ് അമ്മിണിപൂക്കാട് വീട്ടിൽ വി കാർത്തികേയൻ, വടക്കഞ്ചേരി കുന്നംക്കാട് കാരക്കൽ വീട്ടിൽ സജിത, കാവിൽപ്പാട് ദേവീ നിവാസിൽ ദേവി, കാവശേരി ചുണ്ടക്കാട് സഹീദ എന്നിവരെയാണ് കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റ് ചെയ്തത്. സേലം സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.
ഡിസംബർ 12നാണ് പരാതിക്കാസ്പദമായ സംഭവം. തമിഴ്നാട്ടിൽ വിവാഹപരസ്യം നൽകിയിരുന്ന മണികണ്ഠനെ ബന്ധപ്പെട്ട് കല്യാണം ഉറപ്പിക്കുകയായിരുന്നു സുനിലും സംഘവും. വധുവിൻ്റെ അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ ഉടൻ വിവാഹം നടത്തണമെന്നാണ് ഇവർ പറഞ്ഞത്. വിവാഹം നടത്തിയ വകയിൽ കമ്മിഷനായി ഒന്നര ലക്ഷം രൂപ വാങ്ങി. തുടർന്ന് ഗോപാലപുരം അതിർത്തിയിലെ ക്ഷേത്രത്തിൽ വച്ച് മണികണ്ഠൻ സജിതയെ വിവാഹം കഴിച്ചു.
വിവാഹത്തിന് ശേഷം സേലത്തെ വരൻ്റെ വീട്ടിലേക്ക് സജിതയും സഹോദരനെന്ന വ്യാജേന കാർത്തികേയനും എത്തി. എന്നാൽ അടുത്ത ദിവസം സജിതയുടെ അമ്മയ്ക്ക് അസുഖമാണെന്ന് പറഞ്ഞ് ഇരുവരും മടങ്ങുകയായിരുന്നു. പിന്നാലെ ഇവരുടെ ഫോൺ പ്രവർത്തനരഹിതമായി. ഒരാഴ്ച കഴിഞ്ഞിട്ടും ഇവരെ ഫോണിൽ ബന്ധപ്പെടാനാകാതെ വന്നപ്പോൾ മണികണ്ഠനും സുഹൃത്തുക്കളും ഗോപാലപുരത്തെത്തി നടത്തിയ അനേഷണത്തിൽ തട്ടിപ്പ് മനസ്സിലായി.
കൊഴിഞ്ഞാമ്പാറ പോലീസ് സൈബർ സെൽ സഹായത്തോടെ പിടികൂടി. സമാന രീതിയിൽ അമ്പതോളം പേരെ കബളിപ്പിച്ചതായി പ്രതികൾ സമ്മതിച്ചു. ചിറ്റൂർ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ എം ശശിധരന്റെ നേതൃത്വത്തിൽ എസ് ഐ വി ജയപ്രസാദ്, എ എസ് ഐ സി എം കൃഷ്ണദാസ്, സീനിയർ സിവിൽ ഓഫിസർമാരായ ആർ വിനോദ് കുമാർ, എ മണികണ്ഠൻ, സിവിൽ ഓഫിസർ എസ് പ്രമോദ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.