കണ്ണൂര്‍: കണ്ണൂരിലെ മാടായില്‍ കെ റെയില്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥാപിച്ച അതിരടയാളക്കല്ല് പിഴുതുമാറ്റിയ നിലയില്‍. ഗസ്റ്റ് ഹൗസിനും ഗേൾസ് സ്കൂളിനും ഇടയിലുള്ള സ്ഥലത്താണ് കല്ലുകൾ പിഴുത് മാറ്റിയത്. മാടായിപ്പാറയില്‍ സില്‍വര്‍ ലൈന്‍ സ്ഥലമെടുപ്പിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു.
സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞുള്ള സമരം നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ ശേഷമാണ് ഈ സംഭവമെന്നത് ശ്രദ്ധേയമാണ്.
സിൽവർ ലൈനെതിരെ സമര പദ്ധതികളുമായി മുന്നോട്ട് പോകും. ജനസമൂഹത്തെ രംഗത്തിറക്കി സർവേക്കല്ലുകൾ പിഴുതെറിയും. മുഖ്യമന്ത്രിക്ക് വേണമെങ്കിൽ ഭവിഷ്യത്ത് വിളിച്ച് വരുത്താമെന്നും കെ സുധാകരൻ പറഞ്ഞിരുന്നു. ജനുവരി 15 മുതല്‍ കണ്ണൂരില്‍ കെ റെയില്‍ പരിസ്ഥിതി ആഘാത പഠനം നടത്താനിരിക്കെയാണ് ഇത്തരത്തിലൊരു പ്രതിഷേധം ഉണ്ടായിരിക്കുന്നത്.
അതേസമയം സംഭവവുമായി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് കെ. സുധാകരന്‍ പ്രതികരിച്ചു. തന്റെ ആഹ്വാനപ്രകാരമുള്ള പിഴുതെറിയലല്ല ഇത്. കോണ്‍ഗ്രസ് മുന്‍കൂട്ടി പ്രഖ്യാപിച്ച ശേഷമായിരിക്കും ഇത്തരത്തിലുള്ള പ്രതിഷേധം നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.

















