തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്‌പെൻഷൻ പിൻവലിച്ചു. സസ്പെൻഷൻ കാലാവധി തീർന്ന ശിവശങ്കറിനെ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചു.
സ്വർണക്കടത്തുകേസിൽ പ്രതി ചേർക്കപ്പെട്ടതിനെ തുടർന്നാണ് ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തത്. ഒരു മാസത്തിനും അഞ്ചു മാസത്തിനും ശേഷമാണ് വിലക്ക് പിൻവലിക്കുന്നത്. തസ്തിക സംബന്ധിച്ച തീരുമാനം പിന്നീടായിരിക്കും കൈക്കൊള്ളുക.
കഴിഞ്ഞ വർഷം ജൂലൈ 15ന് സസ്‌പെൻഷൻ കാലാവധി കഴിഞ്ഞിരുന്നെങ്കിലും പുതിയ കാരണം ചൂണ്ടിക്കാട്ടി സസ്‌പെൻഷൻ ആറുമാസത്തേക്കുകൂടി നീട്ടിയിരുന്നു. സ്വർണക്കടത്തുകേസിൽ ശിവശങ്കർ പ്രതി സ്വപ്‌ന സുരേഷിനെ വഴിവിട്ടു നിയമിക്കാൻ ഇടപെട്ടുവെന്നും ഇത് സിവിൽ സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും സർക്കാർ നിയോഗിച്ച അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടർന്നാണ് അദ്ദേഹത്തെ ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തത്. ക്രിമിനൽ കേസിൽ പ്രതിചേർക്കപ്പെട്ടത് കണക്കിലെടുത്താണ് കഴിഞ്ഞ വർഷം സസ്‌പെൻഷൻ കാലാവധി നീട്ടിയത്.
ഡോളർ കടത്ത് കേസിൽ കസ്റ്റംസ് ശിവശങ്കറിനെ പ്രതിചേർത്തുവെങ്കിലും കുറ്റപത്രം നൽകിയിട്ടില്ല. ഈ കേസിന്‍റെ വിശദാംശങ്ങള്‍ അറിയിക്കാൻ ചീഫ് സെക്രട്ടറി കസ്റ്റംസിന് കത്ത് നൽകിയിരുന്നു. കഴിഞ്ഞ മാസം 30ന് മുമ്പ് വിശദാംശങ്ങള്‍ അറിയിക്കാനായിരുന്നു കത്ത്. പക്ഷെ കസ്റ്റംസ് വിവരങ്ങള്‍ അറിയിച്ചില്ല. ലൈഫ് മിഷൻ അഴിമതിക്കേസിൽ അന്വേഷണം പൂർത്തിയായിട്ടുമില്ല. പുതിയ കേസുകളൊന്നും നിലവിലില്ലെന്നും ഒന്നര വർഷമായി സസ്പെൻഷിലുള്ള ഉദ്യോഗസ്ഥനെ സർവ്വീസിൽ തിരിച്ചെടുക്കുന്നത് നിലവിലെ അന്വേഷണങ്ങള്‍ക്ക് തടസമാവില്ലെന്നുമായിരുന്നു സമിതിയുടെ ശുപാർശ.

















