കെ.എസ്.ആര്‍.ടി.സിക്ക് ബസ് വാങ്ങാനായി 40 ലക്ഷം രൂപ സംഭാവന നല്‍കി അങ്കമാലി മുക്കന്നൂര്‍ സ്വദേശി ജോസ്. ചരിത്രത്തിലാദ്യമായാണ് കേരളാ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് ഒരു സ്വകാര്യ വ്യക്തി ബസ് വാങ്ങി നല്‍കുന്നത്. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ലളിതമായ ചടങ്ങില്‍ 40 ലക്ഷം രൂപയുടെ ചെക്ക് ജോസ് മുഖ്യമന്ത്രി വി.ഡി സതീശന് കൈമാറി. ഇതൊരു നല്ല കൈനീട്ടമാകട്ടെയെന്നും കൂടുതല്‍ സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും കെ.എസ്.ആര്‍.ടി.സിക്ക് ബസ് വാങ്ങി നല്‍കാന്‍ ഇടവരട്ടെയെന്നും പറഞ്ഞാണ് മുഖ്യമന്ത്രി ചെക്ക് ഏറ്റുവാങ്ങി ഗതാഗത മന്ത്രി സി.പി ജോണിന് കൈമാറിയത്.

ജോസേട്ടന്റെ തീരുമാനം മാതൃകാപരമാണെന്ന് മന്ത്രി റോജി എം. ജോണ്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന്റെ മണ്ഡലത്തില്‍ ഹീമാന്‍ ഓട്ടോ റോബോ പാര്‍ക്ക് എന്ന കമ്പനി നടത്തുന്നയാളാണ് ജോസ്. കെ.എസ്.ആര്‍.ടി.സിയെ പിന്തുണച്ച് ജനങ്ങള്‍ രംഗത്തുവരണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം കേട്ട് ബസ് വാങ്ങി നല്‍കാന്‍ തീരുമാനിച്ച ജോസ് ഇക്കാര്യം ആദ്യം അറിയിച്ചത് മന്ത്രി റോജി എം. ജോണിനെയാണ്. ചൊവ്വാഴ്ച ഗതാഗത മന്ത്രി സി.പി ജോണിനെ കണ്ടപ്പോള്‍ റോജി എം. ജോണ്‍ ഇക്കാര്യം പറയുകയും ജോസേട്ടനെ നേരിട്ട് വിളിച്ച് തുക കൈമാറാമെന്ന് അറിയിക്കുകയുമായിരുന്നു. താന്‍ നല്‍കുന്ന ബസ് അങ്കമാലി ഡിപ്പോയില്‍ നിന്ന് സര്‍വീസ് നടത്തണമെന്നത് മാത്രമാണ് ജോസേട്ടന്റെ ഡിമാന്റ്.
അതിരപ്പിള്ളി വിനോദസഞ്ചാര മേഖലയെ തെക്കന്‍ കേരളവുമായി ബന്ധിപ്പിക്കുന്ന രീതിയില്‍ റൂട്ട് വേണമെന്നും അദ്ദേഹം ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടു. അതേആവശ്യം റോജി എം. ജോണും ഉന്നയിച്ചു. ജോസ് പറയുന്ന റൂട്ടില്‍ ബസ് സര്‍വീസ് നടത്തുന്ന കാര്യത്തില്‍ ഗതാഗത മന്ത്രി ഉറപ്പുനല്‍കി. കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് നേരത്തെ കെ.എസ്.ആര്‍.ടി.സിക്ക് ഒരു ബസ് വാങ്ങാന്‍ തുക സംഭാവന ചെയ്തപ്പോള്‍ ഈ മാതൃക പിന്തുടരാന്‍ കൂടുതല്‍ പേര്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ഗതാഗത മന്ത്രി സി.പി ജോണ്‍ വ്യക്തമാക്കി. കെ.എസ്.ആര്‍.ടി.സിയുടെ ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണിതെന്നും കോര്‍പറേഷനെ പിന്തുണയ്ക്കാന്‍ കൂടുതല്‍ പേര്‍ മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ജോസ് നല്‍കിയ ചെക്ക് ഗതാഗത മന്ത്രി കെ.എസ്.ആര്‍.ടി.സി സി.എം.ഡി ഡോ. പി.എസ് പ്രമോജ് ശങ്കറിനെ ഏല്‍പ്പിച്ചു. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി, പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായാണ് ബസുകള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ കെ.എസ്.ആര്‍.ടി.സി അവസരമൊരുക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, കമ്പനികള്‍, ട്രസ്റ്റുകള്‍, സന്നദ്ധ സംഘടനകള്‍, സി.എസ്.ആര്‍ ഫണ്ടുകള്‍ ഉപയോഗിച്ചും ബസുകള്‍ നല്‍കാമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.















