കണ്ണൂര്‍: മാവേലി എക്സ്പ്രസില്‍ എഎസ്ഐയുടെ ചവിട്ടേറ്റയാളെ തിരിച്ചറിഞ്ഞു. കൂത്തുപറമ്പ് സ്വദേശി പൊന്നന്‍ ഷമീറിനാണ് ചവിട്ടേറ്റത്. ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പൊന്നന്‍ ഷമീറെന്ന് പോലീസ് അറിയിച്ചു. ഭവനഭേദനത്തിന് മൂന്നുവര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇയാളുടെ പേരില്‍ നിലവില്‍ മൂന്ന് കേസുകളുണ്ട്. മാല പിടിച്ചു പറിക്കല്‍, ഭണ്ഡാര മോഷണം തുടങ്ങിയ കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്.
സിസിടി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് ഇയാളെ കണ്ടെത്തിയത്. അന്‍പതുകാരനായ ഷമീര്‍ ഇരിക്കൂരിലാണ് നിലവില്‍ താമസിക്കുന്നത്. ഇയാള്‍ മദ്യപിച്ചാണ് യാത്രചെയ്തതെന്നും സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നും പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇയാളെ മര്‍ദിച്ച എഎസ്‌ഐ എം സി പ്രമോദിനെ സസ്‌പെന്റ് ചെയ്തിരുന്നു. ഇന്റലിജന്‍സ് എഡിജിപിയാണ് നടപടി സ്വീകരിച്ചത്.
ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്രചെയ്തതിനു മാവേലി എക്‌സ്പ്രസിലെ യാത്രക്കാരനെ മര്‍ദിച്ചതില്‍ പോലീസിന് വീഴ്ചപറ്റിയെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. എഎസ്‌ഐ മനുഷ്യത്വ രഹിതമായി പെരുമാറിയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് പി കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ നടപടി.
ട്രെയിനിലെ ടിടിഇയുടെ ആവശ്യപ്രകാരമാണ് പോലീസ് ഉദ്യോഗസ്ഥന്‍ ഇടപെട്ടത്. ട്രെയിനില്‍ നിന്ന് ഇറക്കുമ്പോള്‍ ചവിട്ടിയത് ഗുരുതരമായ തെറ്റാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ ടിടിഇ കുഞ്ഞഹമ്മദ് റെയില്‍വെയ്ക്ക് വിശദീകരണം നല്‍കിയിരുന്നു. മദ്യപിച്ച് ശല്യം ചെയ്യുന്നതായി വനിതാ യാത്രക്കാര്‍ പരാതി നല്‍കിയിരുന്നുവെന്ന് ടിടിഇ റിപ്പോര്‍ട്ട് നല്‍കി. വനിതാ യാത്രക്കാര്‍ ആവശ്യപ്പെട്ടിട്ടും മാറി ഇരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ടിക്കറ്റില്ലാതെ യാത്ര ചെയ്തുവെന്നാരോപിച്ചാണ് ബൂട്ടിട്ട കാലുകൊണ്ട് നെഞ്ചിൽ ചവിട്ടിയത്. മാവേലി എക്സപ്രസിലെ യാത്രക്കിടെയിലാണ്, റെയിൽവേ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട എഎസ്ഐ പ്രമോദിന്‍റെ അക്രമത്തിനിരയായത്. സഹയാത്രികൻ പകർത്തിയ മർദനദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

















