നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി ഗള്‍ഫിലേക്കു കടത്താന്‍ ശ്രമിച്ച വിദേശ കറന്‍സി പിടികൂടി.എമിറേറ്റ്സ് വിമാനത്തില്‍ കൊച്ചിയില്‍ നിന്നു ദുബായിലേക്കു പോകാനെത്തിയ മൂന്നു യാത്രക്കാരാണ് സംഭവത്തില്‍ പിടിയിലായത്. ഇന്നു പുലര്‍ച്ചെ 3.30ന് ആണ് സംഭവം.
ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയിലാണ് 57 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് നടപടി.
കറന്‍സി കടത്താന്‍ ശ്രമിച്ച യാത്രക്കാരെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്യല്‍ തുടരുകയാണ്. കൊച്ചി വഴി ദുബായിലേക്കു പോകുവാന്‍ കര്‍ണാടകയില്‍നിന്ന് എത്തിയവരാണ് പിടിയിലായതെന്നാണ് വിവരം. കര്‍ണാടക കേന്ദ്രമായി വിദേശ കറന്‍സി ഇടപാട് നടത്തുന്ന റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്.