തിരുവനന്തപുരം: പോലീസുമായി ബന്ധപ്പെട്ട് ഒറ്റപ്പെട്ട സംഭവങ്ങള്‍ ഓരോ ജില്ലയിലും താലൂക്കുകളിലും എല്ലാ ദിവസവും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഒറ്റപ്പെട്ട സംഭവം എന്ന വാക്കു തന്നെ പോലീസുമായി ബന്ധപ്പെട്ട് തമാശയായി മാറിയിരിക്കുകയാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
രണ്ടാം പിണറായി സര്‍ക്കാര്‍ വന്നപ്പോള്‍ അഹങ്കാരത്തിന് കൈയ്യും കാലും വച്ച ചില നേതാക്കളാണ് പോലീസിനെ നിയന്ത്രിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞാല്‍ താഴെയുള്ളവര്‍ കേള്‍ക്കില്ല. പഴയ സെല്‍ഭരണത്തിൻ്റെ പുതിയ രൂപമാണിതെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്റ്റേഷനില്‍ പോലും പരാതിയുമായി സ്ത്രീകള്‍ക്ക് പോകാന്‍ പറ്റാത്ത അവസ്ഥയാണ്. കേരള ചരിത്രത്തില്‍ ഏറ്റവും നാണംകെട്ട അവസ്ഥയിലാണ് പോലീസ് സേന എന്ന് അദ്ദേഹം പറഞ്ഞു.
ഗുണ്ടകളും പോലീസും വര്‍ഗീയവാദികളും അഴിഞ്ഞാടുകയാണ്. ആരെയും നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ല. സിപിഎം അനുഭാവികള്‍ സ്റ്റേഷനുകളിലെ റൈട്ടര്‍ പദവി ഏറ്റെടുക്കാത്തതിനാല്‍ ആര്‍എസ്എസ്സുകാര്‍ ആ സ്ഥാനത്ത് കയറി ഇരിക്കുകയാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. പോലീസില്‍ സംഘപരിവാറും പാര്‍ട്ടിയില്‍ എസ് ഡി പി ഐയും നുഴഞ്ഞുകയറിയിരിക്കുകയാണ്. പോലീസിനെ രാഷ്ട്രീയമായി വേര്‍തിരിക്കാനാണ് പാര്‍ട്ടി സെക്രട്ടറി പോലും ശ്രമിക്കുന്നത്. രാഷ്ട്രീയവത്ക്കരിച്ചതിൻ്റെ ദുരന്തഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

















