കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടർ അന്വേഷണം ആരംഭിക്കുന്നതിനാൽ വിചാരണ നിർത്തി വെക്കണമെന്ന പൊലീസിന്‍റെ ഹര്‍ജി പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. ദിലീപിനെതിരായ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്ര കുമാറിന് ഉടൻ നോട്ടീസ് നൽകും. ബാലചന്ദ്രന്‍റെ വെളിപ്പെടുത്തൽ ഗൂഡാലോചനയിലെ മുഖ്യ തെളിവാകുമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് തുടർ അന്വേഷണത്തിന് പ്രത്യേക സംഘം തീരുമാനിച്ചത്.
ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന് പിന്നിൽ പ്രോസിക്യൂഷനാണെന്നാണ് ദിലീപിന്‍റെ വാദം.പ്രോസിക്യുഷനെതിരെ ആരോപണവുമായി രംഗത്തെത്തിയ ദിലീപ് ഡിജിപി അനിൽ കാന്തിന് പരാതി നൽകിയിട്ടുണ്ട്. കേസിന്‍റെ വിചാരണ നീട്ടാൻ വേണ്ടിയാണ് പ്രോസിക്യൂട്ടറെ രാജിവെപ്പിച്ചതെന്നും ബാലചന്ദ്ര കുമാറിന്‍റെ പരാതി അന്വേഷിക്കുന്നതിൽ തനിക്ക് പരാതിയില്ലെന്നും ദിലീപ് പറഞ്ഞിരുന്നു.
കൊച്ചിയിൽ നിന്ന് ദിലീപിനെതിരായ ബാലചന്ദ്ര കുമാറിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. നടന് ഒന്നാം പ്രതി സുനിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും കേസിലെ പ്രധാന തെളിവായ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ നടൻ വീട്ടിലിരുന്ന് കണ്ടുവെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് ബാലചന്ദ്രകുമാറിനെ സാക്ഷിയായി പരിഗണിച്ച് തുടരന്വേഷണം വേണമെന്നായിരുന്നു പ്രോസിക്യൂഷന്‍റെ ആവശ്യം. അതേസമയം കേസിൽ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നടി കത്തയച്ചിരുന്നു.

















