തിരുവനന്തപുരം: സമയബന്ധിതമായി കുട്ടികളുടെ കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ കുട്ടികളുടെ വാക്സിനേഷന്‍ കേന്ദ്രം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള കുട്ടികള്‍ക്ക് 551 വാക്സിനേഷന്‍ കേന്ദ്രങ്ങളാണുള്ളത്.
മുതിര്‍ന്നവര്‍ക്കായി 875 വാക്സിനേഷന്‍ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ആകെ 1426 കേന്ദ്രങ്ങളാണ് സജ്ജമാക്കിയത്. കുട്ടികളുടെ വാക്സിനേഷന്‍ കേന്ദ്രത്തില്‍ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനായി പിങ്ക് നിറത്തിലുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
കുട്ടികളില്‍ നിന്നും അവരുടെ മാതാപിതാക്കളില്‍ നിന്നുമുള്ള പ്രതികരണം പോസിറ്റീവാണെന്നും വീണ ജോര്‍ജ് പറഞ്ഞു.സംസ്ഥാനത്തെ 18 വയസിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്സിനേഷന്‍ ഇതുവരെ 98 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷന്‍ 80 ശതമാനത്തോളവുമായി.
സ്‌കൂളുകളില്‍ വാക്സിനെടുക്കാന്‍ അര്‍ഹതയുള്ള കുട്ടികളില്‍ എത്ര പേര്‍ എടുത്തിട്ടുണ്ടെന്നുള്ള ഡേറ്റ കൈമാറണമെന്ന് ആരോഗ്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഏറ്റവും ചിട്ടയായ രീതിയില്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കുമെന്നാണ് കരുതുന്നത്.രജിസ്ട്രേഷന്‍ സംബന്ധിച്ചും വാക്സിനേഷന്‍ സംബന്ധിച്ചും ഗൈഡ്ലൈന്‍ പുറത്തിറക്കിയ വിവരവും മന്ത്രി വ്യക്തമാക്കി.

















