മലപ്പുറം: പൊന്നാനിയില്‍ നിന്നും മല്‍സ്യ ബന്ധനത്തിനു പോയി കാണാതായ മല്‍സ്യ തൊഴിലാളികളെയും ഫൈബര്‍ വള്ളവും കണ്ടെത്തി. ബോട്ടില്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികള്‍ വള്ളം കണ്ടെത്തുകയായിരുന്നു.
പൊന്നാനി അഴീക്കല്‍ സ്വദേശികളായ ബദറു, ജമാല്‍, നാസര്‍ എന്നിവരെ ബേപ്പൂരിനടുത്തെ കടലില്‍ കാണാതാവുകയായിരുന്നു. എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് വള്ളം കൃത്യമായി കരയ്ക്ക് അടുപ്പിക്കാന്‍ സാധിക്കാത്തതാണ് പ്രശ്നമായതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.കോസ്റ്റ് ഗാര്‍ഡും തീരദേശ പൊലീസും തെരച്ചില്‍ നടത്തുന്നതിനിടെ മത്സ്യത്തൊഴിലാളികള്‍ കാണാതായ വള്ളം കണ്ടെത്തുകയായിരുന്നു.
വെള്ളിയാഴ്ചയാണ് മൂന്ന് പേരും മീന്‍ പിടിക്കാന്‍ പോയത്. ഇന്നലെ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് വള്ളത്തിന്റെ ഉടമ ഷഫീഖ് കോസ്റ്റ് ഗാര്‍ഡിനെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. പട്രോള്‍ ബോട്ടുകള്‍ കഴിഞ്ഞ ദിവസം തന്നെ തെരച്ചില്‍ ആരംഭിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇന്ന് രാവിലെ വീണ്ടും തെരച്ചില്‍ നടത്തുന്നതിനിടെയാണ് കാണാതായവരെ കണ്ടെത്തിയത്.

















