അമിത് ചക്കാലയ്ക്കലിനെ നായകനാക്കി നവാഗതനായ എസ്.ജെ സിനു എഴുതി, സംവിധാനം ചെയ്ത ‘ജിബൂട്ടി’ തിയേറ്ററിൽ എത്തിയിരിക്കുകയാണ്. പ്രണയത്തിനും ആക്ഷനും പ്രാധാന്യം നൽകി സർവൈവൽ ത്രില്ലർ ഴോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണിത്.
വിളക്കുമല എന്ന മലയോര ഗ്രാമത്തിൽ നിന്ന് കടല് കടക്കാനുള്ള ആഗ്രഹവുമായി ജീവിക്കുന്ന രണ്ടു യുവാക്കളിൽ നിന്ന് തുടങ്ങി, ആഫ്രിക്കയിലെ ജിബൂട്ടിയുടെ നിറക്കാഴ്ചകളും പ്രണയവും അതിജീവനവും പശ്ചാത്തലമാക്കി ത്രില്ലർ മോഡിൽ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ജിബൂട്ടി. പേരു പോലെത്തന്നെ ചിത്രത്തിന്റെ ആദ്യ കുറച്ചു ഭാഗമൊഴിച്ചാൽ ബാക്കിയൊക്കെയും ജിബൂട്ടിയാണ് പശ്ചാത്തലം.
ജീപ്പ് ഓടിച്ച് ഉപജീവന മാർഗം നടത്തുകയാണ് ലൂയിയും എബിയും (). ലൂയിയായി എത്തുന്നത് അമിത് ചാമക്കാലയും എബിയായി എത്തുന്നത് ഗ്രിഗറിയുമാണ് .ഏതൊരു മലയാളിയേയും പോലെ കടല് കടന്ന് കൈനിറയെ പണം സമ്പാദിക്കുക എന്ന ആഗ്രഹവുമായി ജീവിക്കുന്നവർ. ജിബൂട്ടിയിൽ നിന്ന് നാട് കാണാൻ വേണ്ടി, അതിലുപരിയായി തന്റെ കൂടെ ജിബൂട്ടിയിൽ ജോലി ചെയ്തിരുന്ന കൂട്ടുകാരിയെ കാണാൻ വേണ്ടി വിളക്കുമലയിൽ എത്തുന്ന ഹന (ഷഗുൺ ജസ്വാൾ). ഹനയുടെ വരവിന്റെ പിന്നിലുള്ള സസ്പെൻസ് വേറെയുമുണ്ട്.
ഹനയെ നാട് കാണിക്കുന്ന ജോലി ലൂയിയും എബിയും ഏറ്റെടുക്കുകയും ഒടുവിൽ ഹന രണ്ടു പേരെയും അവരുടെ ആഗ്രഹപ്രകാരം ജിബൂട്ടിയിലേക്ക് കൊണ്ടു പോകുകയും ചെയ്യുന്നു. എന്നാൽ ജിബൂട്ടിയിലെത്തുന്ന ലൂയിയേയും എബിയേയും കാത്തിരിക്കുന്നത് അത്ര സുഖകരമായി കാര്യങ്ങളായിരുന്നില്ല. രണ്ടാം പകുതിയിൽ അതിജീവനത്തിന്റെ പാതയിൽ കൂടിയാണ് ചിത്രം മുന്നോട്ട് പോകുന്നത്.
എടുത്ത് പറയേണ്ടത് തോമാച്ചനായുള്ള ദിലീഷ് പോത്തന്റെ അഭിനയമാണ്. പ്രേക്ഷകരുടെ മനം കവരാൻ നായിക ഷഗുൺ ജസ്വാളിനും സാധിച്ചിട്ടുണ്ട്.ബിജു സോപാനം, സുനിൽ സുഖദ, തമിഴ് നടൻ കിഷോർ എന്നിവർ തങ്ങളുടെ റോളുകൾ ഭംഗിയാക്കിയിട്ടുണ്ട് . സ്റ്റൈലിഷ് വില്ലനായെത്തിയ റസാക് എന്ന കഥാപാത്രം ചെയ്ത രോഹിത് മഗ്ഗുവും ചിത്രത്തിൽ എടുത്ത് പറയേണ്ട കഥാപാത്രം തന്നെയാണ്.
കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് ദീപക് ദേവ് ഒരുക്കിയിരിക്കുന്ന സംഗീതവും മികച്ച് നിൽക്കുന്നു. ബ്ലൂഹിൽ നെയ്ൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ ജോബി പി സാം ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.പുതുവർഷത്തിൽ കുടുംബവുമൊത്ത് ഒന്നിച്ചിരുന്ന് ആസ്വദിക്കാവുന്ന ത്രില്ലർ ചിത്രമാണ് ജിബൂട്ടി.
https://www.youtube.com/watch?v=J4S4zQ6leAc
















